സന്ദീപ്കുമാറിനെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ പരാമര്‍ശിച്ച് അശുതോഷ്

ന്യൂഡല്‍ഹി:  ലൈംഗിക അപവാദത്തില്‍പെട്ട  മന്ത്രി സന്ദീപ്കുമാറിനെ ന്യായീകരിക്കാന്‍ മുതിര്‍ന്ന ആപ് നേതാവ് അശുതോഷ്  മഹാത്മാ ഗാന്ധിയും നെഹ്റുവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം വിവാദമായി.  അശുതോഷിന്‍െറ നിലപാടിനെ ചോദ്യംചെയ്ത്  കോണ്‍ഗ്രസും ബി.ജെ.പിയും ആഞ്ഞടിച്ചതിനു പിന്നാലെ, ആപ് എം.എല്‍.എയും അശുതോഷിനെതിരെ രംഗത്തുവന്നു. അശുതോഷിനെ ആപില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്   പാര്‍ട്ടി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്ത് കെജ്രിവാളിന് കത്തെഴുതി.

ലൈംഗിക അപവാദ സീഡി പരസ്യമായതിനെ തുടര്‍ന്ന് കെജ്രിവാള്‍ മന്ത്രിസഭയില്‍നിന്ന്  സന്ദീപ്കുമാറിനെ പുറത്താക്കിയ സാഹചര്യം വിശദീകരിച്ച് എഴുതിയ ബ്ളോഗിലാണ് ആപ് വക്താവുകൂടിയായ അശുതോഷ് വിവാദ പരാമര്‍ശം നടത്തിയത്. ലൈംഗികത വ്യക്തിപരമായ കാര്യമാണ്.  സാമൂഹികബന്ധനങ്ങള്‍ മറികടന്ന് തങ്ങളുടെ ആഗ്രഹത്തിനൊത്ത ജീവിതം നയിച്ച നായകരുടെയും നേതാക്കളുടെയും കഥകള്‍ ഇന്ത്യാചരിത്രത്തില്‍ വേണ്ടുവോളമുണ്ടെന്നും  അശുതോഷ്  എഴുതി.

ഗാന്ധിജിയും നെഹ്റുവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ ബ്ളോഗില്‍ പേരെടുത്ത് പറഞ്ഞ  അശുതോഷ്, സന്ദീപ്കുമാറിനെ ആപില്‍നിന്ന് പുറത്താക്കേണ്ടിവന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വിശദീകരിച്ചു. സന്ദീപ്കുമാറിന്‍െറ ചെയ്തിപോലെതന്നെ അശുതോഷിന്‍െറ ന്യായീകരണവും പാര്‍ട്ടിക്ക് വിശദീകരിക്കാനോ പ്രതിരോധിക്കാനോ  കഴിയാത്തതാണെന്ന്  ദേവീന്ദര്‍ ഷെറാവത്ത് കെജ്രിവാളിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.  

അതേസമയം, അശുതോഷിന്‍െറ വിവാദ ബ്ളോഗിനെക്കുറിച്ചോ അതിനെതിരായ പാര്‍ട്ടി എം.എല്‍.എയുടെ കത്തിനെക്കുറിച്ചോ  കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ,   പൊലീസില്‍ കീഴടങ്ങിയ സന്ദീപ്കുമാറിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി.  സന്ദീപ്കുമാറിനൊപ്പം സീഡിയില്‍ പ്രത്യക്ഷപ്പെട്ട യുവതി നല്‍കിയ പരാതിപ്രകാരമാണ് അറസ്റ്റ്. റേഷന്‍കാര്‍ഡ് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് സന്ദീപ്കുമാര്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.