സിംഗൂര്‍: തിരിച്ചടിക്ക് നിയമത്തെ പഴിചാരി സി.പി.എം

ന്യൂഡല്‍ഹി: സിംഗൂര്‍ പ്രശ്നത്തില്‍ കോടതിയിലും തിരിച്ചടിയേറ്റ സി.പി.എം 1984ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തെ പഴിചാരി രംഗത്ത്. 1894ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ ഇടതുസര്‍ക്കാര്‍ ഭൂമിയേറ്റെടുത്തതെന്നും ആ നിയമം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നില്ളെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ പറഞ്ഞു. സിംഗൂരില്‍ ഭൂമിയേറ്റെടുത്തതില്‍ ഭരണപരവും രാഷ്ട്രീയവുമായി തെറ്റുപറ്റിയെന്നും  അതിന് പാര്‍ട്ടി വലിയവില നല്‍കേണ്ടിവന്നുവെന്നും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനംചെയ്ത കേന്ദ്ര കമ്മിറ്റിയുടെ രേഖയില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ തുടര്‍ന്നു.  
സിംഗൂരില്‍ ടാറ്റ നാനോ കാര്‍ ഫാക്ടറിക്കുവേണ്ടി ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള സുപ്രീംകോടതി വിധി വന്ന് രണ്ടുദിവസത്തിന് ശേഷമാണ് കേന്ദ്ര നേതൃത്വത്തിന്‍െറ പ്രതികരണം. ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ളെന്ന നിലപാടില്‍ ബംഗാള്‍ സംസ്ഥാനഘടകം ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യാതെയും 1984ലെ നിയമത്തെ പഴിചാരിയും പാര്‍ട്ടിയുടെ വീഴ്ച പരോക്ഷമായി അംഗീകരിച്ചും കേന്ദ്രനേതൃത്വം രംഗത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. സിംഗൂര്‍ സ്ഥലമെടുക്കുമ്പോള്‍ വ്യവസായ വികസനവും അതുവഴി തൊഴില്‍ സൃഷ്ടിക്കുകയുമായിരുന്നു ഇടതുസര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് പത്രക്കുറിപ്പില്‍ തുടര്‍ന്നു.

ഇടതു സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് സി.പി.ഐ
ഹൈദരാബാദ്: ടാറ്റ മോട്ടോഴ്സിന്‍െറ പദ്ധതിക്കായി സിംഗൂരിലെ ഭൂമി കൈമാറിയ ഇടപാടില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് സി.പി.ഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് ഭൂമി ഏറ്റെടുത്തത്.
സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരവും വരുമാനവും കൊണ്ടുവരാന്‍ വന്‍ വ്യവസായത്തിന്‍െറ വരവോടെ സാധ്യമാകുമായിരുന്നു.
എന്നാല്‍, ഇതിന് സ്വീകരിച്ച നടപടി ശരിയായില്ല. ഇടതു സര്‍ക്കാര്‍ കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമായിരുന്നു. ഭൂമി നല്‍കാന്‍ സന്നദ്ധമല്ലാത്തവര്‍ക്ക് പകരം ഭൂമിയും കൂടുതല്‍ നഷ്ടപരിഹാരത്തുകയും നല്‍കണമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി -അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍നിന്ന് പാഠം പഠിക്കണമെന്നും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ മാപ്പുപറയേണ്ട ആവശ്യമില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.