നേതാജി മരിച്ചത് വിമാനാപകടത്തിലെന്ന് ജപ്പാന്‍െറ രഹസ്യരേഖ

ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സര്‍ക്കാര്‍ രേഖ പുറത്ത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്‍െറ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ബ്രിട്ടന്‍ ആസ്ഥാനമായ ബോസ് ഫയല്‍സ് ഡോട്ട് ഇന്‍ഫോ എന്ന വെബ്സൈറ്റാണ് വിവരം പുറത്തുവിട്ടത്. 1956 ജനുവരിയിലാണ് തിരോധാനത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായത്. ജാപ്പനീസ് ഭാഷയില്‍ ഏഴ് പേജും ഇംഗ്ളീഷില്‍ പത്തുപേജുമുള്ള റിപ്പോര്‍ട്ട് ടോക്യോയിലെ ഇന്ത്യന്‍ എംബസിക്കു ജപ്പാന്‍ നല്‍കിയിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അടങ്ങിയതിനാലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത്.
1945 ആഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും വെബ്സൈറ്റ് പറയുന്നു. വിമാനാപകടത്തില്‍ നേതാജിക്കു ഗുരുതര പരിക്കേറ്റിരുന്നു.
സംഭവ ദിവസം വൈകീട്ട് മൂന്നിന് നേതാജിയെ തായ്പെയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ആഗസ്റ്റ് 22ന് തായ്പെയിലുള്ള മുനിസിപ്പല്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചെന്നും രേഖയില്‍ പറയുന്നു.
പുറത്തുവന്ന രേഖകള്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച ഇന്ത്യയുടെ ഒൗദ്യോഗിക വിശദീകരണത്തെ ശരിവെക്കുന്നതാണ്.
1956ല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ നിയമിച്ച ഷാനവാസ് ഖാന്‍ അന്വേഷണ കമ്മിറ്റിയും വിമാനാപകടത്തില്‍ നേതാജി മരിച്ചതായാണ് കണ്ടത്തെിയത്.
നേതാജിയുടെ മരണം സംബന്ധിച്ച് തുടക്കം മുതല്‍ നിരവധി അഭ്യൂഹങ്ങളും സംശയങ്ങളും പ്രചരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.