തമിഴ്നാടിന്‍റെ നിലനില്‍പ്പിനായി കാവേരി ജലം വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കവേരി നദീജലം സംബന്ധിച്ച് കര്‍ണാടക- തമിഴ്നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് ‘ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക’എന്ന തത്വത്തിലൂന്നി സുപ്രീംകോടതി നിര്‍ദേശം. തമിഴ്നാടിന്‍റെ നിലനില്‍പ്പിനായി കാവേരി നദീജലം പങ്കുവെക്കണമെന്നാണ് സുപ്രീംകോടതി കര്‍ണാടകയോട് നിര്‍ദേശിച്ചിരിക്കുന്നത്. ‘‘വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളികുടിപ്പാനില്ലത്രേ’’ എന്ന ചൊല്ലുപോലെയാണ് തമിഴ്നാടിന്‍റെ സ്ഥിതി. 

അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെ അതിജീവനത്തിനായി കര്‍ണാടക അനുകൂലമായ നടപടിയെടുക്കണം. കവേരി നദീ ജല തര്‍ക്കത്തില്‍ ജീവിക്കു, ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വമാണ് കര്‍ണാടക സ്വീകരിക്കേണ്ടതെന്നും’’ ഡിവിഷന്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റീസ് ദീപക് മിശ്ര നിരീക്ഷിച്ചു.

ഈ വര്‍ഷം ജൂണ്‍, ജൂലൈ, ആഗസ്റ്റ് എന്നിങ്ങനെ തുടര്‍ച്ചയായ മൂന്നുമാസങ്ങളിലും തമിഴ്നാട്ടില്‍ കടുത്ത വരള്‍ച്ചയാണ്. രണ്ടു സംസ്ഥാനങ്ങളും ഐക്യത്തോടെ തുടരണം. ജല തര്‍ക്കം ഇരു സംസ്ഥാനങ്ങളിലെ ജനജീവിതത്തെയും കൃഷിയെയും വളരെ മോശമായി ബാധിക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ജല തര്‍ക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും പരാതികള്‍ കോടതി കേള്‍ക്കുമെന്നും ജസ്റ്റിസ് മിശ്ര അറിയിച്ചു.

എന്നാല്‍ കര്‍ണാടകയില്‍ കഴിഞ്ഞ മൂന്നു മാസങ്ങളിലും മഴ കുറവായിരുന്നുവെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കര്‍ണാടകക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍, മോഹന്‍ കതാര്‍കി എന്നിവരാണ് ഹാജരായത്. തമിഴ്നാടിന് വെള്ളം വിട്ടു നല്‍കുകയാണെങ്കില്‍ കര്‍ണാടക ജലക്ഷാമം നേരിടുന്ന മാസങ്ങളില്‍ എന്തുചെയ്യണമെന്ന ബദല്‍ നിദേര്‍ശം ട്രൈബ്യൂണല്‍ വ്യക്തമാക്കണമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയിലെ സാംബ കൃഷിക്കായി 50.52 ടി.എം.സി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാവേരിയുടെ നാലു സംഭരണികളിലായി 80 ടി.എം.സി ജലത്തിന്‍റെ കുറവുണ്ടെന്നാണ് കര്‍ണാടക അറിയിച്ചത്. കേസിന്‍റെ വിശദമായ വാദം തിങ്കളാഴ്ചയിലേക്ക് മാറ്റി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.