മോദി ശഹെന്‍ഷായല്ല, പ്രധാന മന്ത്രിയാണെന്ന് സോണിയ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാണെന്നും ശഹെന്‍ഷായെ (ചക്രവര്‍ത്തി) പ്പോലെ പെരുമാറരുതെന്നും  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിക്കുകയും വരള്‍ചയില്‍ കര്‍ഷകര്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍െറ തിരക്കിലാണ്. ഇത്തരമൊരു ആഘോഷത്തിന്‍െറ യാതൊരു സാഹചര്യവും താനിവിടെ കാണുന്നില്ലെന്നും സോണിയ പറഞ്ഞു. റായ്ബറേലിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ.

ഇത്തരമൊന്ന് താന്‍ ഇതുവരെ കണ്ടിട്ടില്ല. ഇവിടെയൊരു പ്രധാന മന്ത്രിയുണ്ട്. അദ്ദേഹം ശഹെന്‍ഷയല്ല. പ്രധാനമന്ത്രിയാണ്. മന്ത്രിമാര്‍ ചക്രവര്‍ത്തിയുടെ പരിവേഷമാണ് മോദിക്ക് നല്‍കിയിരിക്കുന്നതെന്നും സോണിയ ആരോപിച്ചു.

സോണിയയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത് വന്നു. എന്താണ് ശഹെന്‍ഷായിസമെന്ന് ശരിക്കും മനസിലാക്കിയിട്ടാണോ സോണിയയും കോണ്‍ഗ്രസും സംസാരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര ചോദിച്ചു. അടിയന്തരാവസ്ഥക്ക് ഉത്തരവാദിയായ ഇന്ദിരാഗാന്ധിയാണ് യഥാര്‍ഥ ശഹെന്‍ഷ. വളരെ താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്ന് വന്ന മോദി പ്രധാനമന്ത്രിയായത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിസ് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതിനിടെ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും മരുമകന്‍ റോബര്‍ട് വാദ്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനെ സോണിയ വിമര്‍ശിച്ചു. ദിവസവും ബി.ജെ.പി തെറ്റായ ആരോപണമുയര്‍ത്തുകയാണ്. തെളിവുണ്ടെങ്കില്‍ അവര്‍ അന്വേഷിക്കട്ടെയെന്നും ശരിയായ അന്വേഷണം നടത്തുമ്പോള്‍ സത്യം പുറത്തു വരുമെന്നും സോണിയ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.