ലതാ മങ്കേഷ്കറെയും സചിനെയും അവഹേളിച്ച ഹാസ്യതാരത്തിനെതിരെ കേസ്

മുംബൈ: ലതാ മങ്കേഷ്കറെയും സചിന്‍ ടെണ്ടുല്‍കറെയും അവഹേളിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിഡിയോ പ്രദര്‍ശിപ്പിച്ച ഹാസ്യതാരം തന്‍മയ് ഭട്ടിനും എ.ഐ.ബി കോമഡി ഗ്രൂപ്പിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് ശക്തമായതോടെയാണ് കേസ്. കഴിഞ്ഞ 26ന് സ്നാപ്ചാറ്റിലും ഫേസ്ബുക്കിലുമായി ‘സചിന്‍ വേഴ്സസ് ലതാ സിവില്‍ വാര്‍‘ എന്ന പേരിലാണ് വിഡിയോ പ്രചരിച്ചത്. വീരാട് കോഹ്ലിയാണോ സചിനാണോ മികച്ച ബാറ്റ്സ്മാന്‍ എന്നതിനെ ചൊല്ലി സചിനും ലതാ മങ്കേഷ്കറും തമ്മില്‍ തര്‍ക്കിക്കുന്നതാണ് വിഡിയോ ക്ളിപ്. എന്നാല്‍, ഇത് ഹാസ്യമായി ആരും പരിഗണിച്ചില്ല. രണ്ട് ഇതിഹാസങ്ങളെ അവഹേളിക്കുകയാണ് ചെയ്തതെന്നരീതിയില്‍ ബോളിവുഡിലേതടക്കമുള്ളവര്‍ ട്വിറ്ററിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രതികരിച്ചു.
തന്‍മയ് ഭട്ടിനും എ.ഐ.ബിക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട എം.എന്‍.എസ് നേതാവ് ശാലിനി താക്കറെ ബാന്ദ്ര കുര്‍ള പൊലീസിലത്തെി പരാതി നല്‍കി. നടപടി ആവശ്യപ്പെട്ട് ശിവസേനാ നേതാവ് നീലം ഗോറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനും മുംബൈ പൊലീസ് കമീഷണര്‍ക്കും കത്തുനല്‍കി. ബി.ജെ.പി മുംബൈ യൂനിറ്റ് അധ്യക്ഷന്‍ ആഷിഷ് സേലാറും മുംബൈ പൊലീസിന് കത്തുനല്‍കി. വിവാദ വിഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗ്ളും യുടൂബുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.