ന്യൂഡല്‍ഹി: മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ ഇറാന് നല്‍കാനുള്ള 44,000 കോടി ഡോളര്‍ ബാധ്യത ഇന്ത്യ തീര്‍ത്തു. പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം നീക്കിയശേഷം ഇറാനുമായി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഇടപാടാണിത്.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വഴി മാംഗ്ളൂര്‍ റിഫൈനറിയും പെട്രോകെമിക്കല്‍സ് ലിമിറ്റഡും 50 കോടി ഡോളറും ഇന്ത്യന്‍ ഓയില്‍ കോര്‍പ് 25 കോടി ഡോളറും നല്‍കി. ഉപരോധത്തെ തുടര്‍ന്ന് 2013ല്‍ ഹല്‍ക് ബാങ്ക് വഴിയുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ഓയില്‍ റിഫൈനറികള്‍ 55 ശതമാനം ബാധ്യത അടച്ചുതീര്‍ക്കാതിരുന്നത്. ഈ വര്‍ഷം ആദ്യം ഉപരോധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ചില ഫണ്ടുകളുടെ ഇടപാടുകള്‍ നടന്നിരുന്നു. എന്നാല്‍, രണ്ടാംഘട്ട ഇടപാടുകള്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമല്ളെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസം 4,00,000 ബാരല്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇറാനുമായുള്ള ഇടപാടുകള്‍ അനിശ്ചിതാവസ്ഥയിലായത്. ഊര്‍ജബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ഇറാന്‍ സന്ദര്‍ശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.