പരാജയം: ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്ന് ദിഗ്വിജയ്, തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെയും അസമിലെയും പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പൊട്ടലും ചീറ്റലും. ഈ അവസ്ഥ ആശങ്കജനകമാണെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. കേവലം ആത്മപരിശോധനകളും ചര്‍ച്ചകളുംകൊണ്ട് കാര്യമില്ല. ശസ്ത്രക്രിയതന്നെ വേണമെന്നും സിങ് പറഞ്ഞു. ആത്മപരിശോധന നടത്തുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം കര്‍ശന നടപടികളാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഹൈകമാന്‍ഡിനെതിരെ തുറന്നുപറഞ്ഞില്ളെങ്കിലും പരാജയം ആവര്‍ത്തിക്കുമ്പോഴും തിരുത്തല്‍ നടപടികളില്ലാതെ മുന്നോട്ടുപോകുന്ന നേതൃത്വത്തിന്‍െറ നിലപാടിനോടുള്ള എതിര്‍പ്പാണ് ദിഗ്വിജയ് സിങ്ങും തരൂരും പരസ്യമാക്കിയത്. പാര്‍ട്ടി നേതൃത്വത്തില്‍ പലരും ഇത്തരം അഭിപ്രായമുള്ളവരാണ്. എന്നാല്‍, പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ അലോസരപ്പെടുത്തേണ്ടെന്ന നിലപാടില്‍ പരസ്യപ്രതികരണം ഒഴിവാക്കുകയാണ്. അസമിലെയും കേരളത്തിലെയും പരാജയം വിനയത്തോടെ സ്വീകരിക്കുമെന്നും ആത്പരിശോധന നടത്തി തിരുത്തി തിരിച്ചുവരുമെന്നുമുള്ള പതിവു പ്രതികരണം മാത്രമാണ് സോണിയയും രാഹുലും നടത്തിയത്.

അതേസമയം, കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രണ്ടു ചുവട് അടുത്തതിന്‍െറ ആഹ്ളാദത്തിലാണ് ബി.ജെ.പി ക്യാമ്പ്. അസമും കേരളവും നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ആറായി ചുരുങ്ങി. അതില്‍ കര്‍ണാടക മാത്രമാണ് പ്രബലമായ ഏക സംസ്ഥാനം. കോണ്‍ഗ്രസ് ഭരണമുള്ള ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്‍െറ കൈവശമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറം, മേഘാലയ, മണിപ്പൂര്‍ എന്നിവക്ക് ദേശീയ രാഷ്ട്രീയത്തില്‍ അത്ര സ്വാധീനമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.