ഭീകരതക്കെതിരെ ഇന്ത്യയും ചൈനയും കൈകോര്‍ക്കണം –രാഷ്ട്രപതി

ന്യൂഡല്‍ഹി: ഭീകരതക്കെതിരെ ഇന്ത്യയും ചൈനയും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വലുപ്പത്തിലും സംസ്കാരത്തിലും ജനതയുടെ വൈവിധ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കുകയാണെങ്കില്‍ അതിന്‍െറ ഫലം മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 24 മുതല്‍ 27 വരെ ചൈനയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന പ്രണബ് മുഖര്‍ജി ചൈനീസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നയതന്ത്രപ്രധാനമായ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പാക് ഭീകരന്‍ മസൂദ് അസ്ഹറിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തെ ഐക്യരാഷ്ട്ര സഭയില്‍ ചൈന എതിര്‍ത്തതിന്‍െറ പശ്ചാത്തലത്തില്‍ രാഷ്ട്രപതി നടത്തിയ പരാമര്‍ശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകര്‍ കല്‍പിക്കുന്നത്. ചൈനയുടെ നീക്കം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെപ്പോലും ബാധിച്ചു. പാകിസ്താനെ സംരക്ഷിക്കാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആണവ സാമഗ്രി വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ ഏതാനും ദിവസം മുമ്പ് ചൈന എതിര്‍ത്തിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ആദ്യം ഇന്ത്യ ഒപ്പുവെക്കണമെന്നായിരുന്നു ചൈനയുടെ വാദം. ഇതു സംബന്ധമായ പ്രതികരണം വിദേശകാര്യ മന്ത്രാലയം ഇതുവരെ നടത്തിയിട്ടില്ല. ഇരു രാഷ്ട്രങ്ങളുടെയും നേതാക്കന്മാര്‍ക്കിടയില്‍ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രത്യാശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.