വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ മുന്‍ഗണനാപട്ടിക നോക്കാതെ ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴില്‍ എല്ലാ കുടുംബങ്ങള്‍ക്കും മാസംതോറും ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെയായിരിക്കണം ഇതെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ചൂണ്ടിക്കാട്ടി. വരള്‍ച്ചാ മേഖലയില്‍ വേനലവധിക്കാലത്തും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ വേര്‍തിരിവില്ലാതെ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവും അഡ്വ. പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് അഭിയാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.വരള്‍ച്ചബാധിത സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡില്ലാത്തതിന്‍െറ പേരില്‍ ഒരാള്‍ക്കും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടരുതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. റേഷന്‍ കാര്‍ഡിന് പകരം താമസം തെളിയിക്കുന്ന സര്‍ക്കാര്‍ രേഖ മതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം  പദ്ധതിക്കു കീഴില്‍ പരാതിപരിഹാരത്തിന് ഓരോ ജില്ലയിലും ഒരു മാസത്തിനകം ജില്ലാ പരാതി പരിഹാര ഓഫിസറെ നിയമിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.

റേഷന്‍ കാര്‍ഡില്ലാത്തതിന്‍െറ പേരില്‍ ഭക്ഷ്യധാന്യം നിഷേധിക്കപ്പെടുന്നവരുടെ പരാതിയും ഈ ഓഫിസര്‍ പരിശോധിക്കണം.പദ്ധതിയുടെ മേല്‍നോട്ടത്തിന് രണ്ടു മാസത്തിനകം സംസ്ഥാന ഭക്ഷ്യ കമീഷനെ നിയമിക്കണം. ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസം വരെ  കുട്ടികള്‍ക്ക് മുട്ടയും പാലും ഉച്ചഭക്ഷണമായി വിതരണം ചെയ്യണം. മറ്റു സംസ്ഥാനങ്ങള്‍ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചതാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.