ദേവാസ്-ആന്‍ട്രിക്സ് ക്രമക്കേട്: ജി. മാധവന്‍ നായരെ സി.ബി.ഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ദേവാസ്-ആന്‍ട്രിക്സ് ക്രമക്കേടുമായി  ബന്ധപ്പെട്ട്  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ സി.ബി.ഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തേക്ക് മാധവന്‍ നായരെ വിളിച്ചുവരുത്തുകയായിരുന്നു. 578 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സി.ബി.ഐ കണ്ടത്തെിയ ദേവാസ്-ആന്‍ട്രിക്സ് കരാറിനെക്കുറിച്ചുള്ള വിവരങ്ങളാണ് സി.ബി.ഐ മാധവന്‍ നായരോട് ചോദിച്ചതെന്നാണ് വിവരം.  ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനും ബംഗളൂരു കേന്ദ്രമായ ദേവാസ് മള്‍ട്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2005 ജനുവരിയിലാണ് കരാര്‍ ഒപ്പിട്ടത്.

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച് ജി സാറ്റ്-6 വഴി വിക്ഷേപണം നടത്തിയ  എസ് ബാന്‍ഡ് ട്രാന്‍സ്പോണ്ടര്‍ പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ചായിരുന്നു കരാര്‍.  കരാര്‍ ഒപ്പിടുന്ന വേളയില്‍ ജി. മാധവന്‍ നായരായിരുന്നു ഐ.എസ്.ആര്‍.ഒയുടെയും ആന്‍ട്രിക്സ് കോര്‍പറേഷന്‍െറയും ചെയര്‍മാന്‍. കരാര്‍ സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് യു.പി.എ സര്‍ക്കാറിന്‍െറ കാലത്തുതന്നെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച് സി.ബി.ഐ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദേവാസ് മള്‍ട്ടി മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, കമ്പനിയിലെ ഓഹരി ഉടമകളായ എം.ജി. ചന്ദ്രശേഖര്‍, ആര്‍. വിശ്വനാഥന്‍ എന്നിവരും ആന്‍ട്രിക്സ് കോര്‍പറേഷനിലെ  ഉദ്യോഗസ്ഥരുമാണ് എഫ്.ഐ.ആറില്‍ പ്രതിസ്ഥാനത്തുള്ളത്. എഫ്.ഐ.ആറില്‍ പേര് പറയുന്നില്ളെങ്കിലും കരാര്‍ കാലത്ത് ആന്‍ട്രിക്സിനെ നയിച്ചിരുന്ന ആളെന്ന നിലക്ക് മാധവന്‍ നായര്‍ക്കുനേരെയൊണ് സംശയം നീളുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.