ന്യൂഡല്‍ഹി: ശത്രുസ്വത്ത് നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി. സാമൂഹിക നീതിയുടെയും മനുഷ്യാവകാശത്തിന്‍െറയും വ്യവസ്ഥാപിത തത്ത്വങ്ങളുടെയും ലംഘനമാണ് ബില്ലിലെ വ്യവസ്ഥകളെന്ന് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍-യു, സി.പി.ഐ എന്നിവയുടെ പ്രതിനിധികള്‍ പാര്‍ലമെന്‍ററി സമിതിയില്‍ വിയോജനക്കുറിപ്പ് നല്‍കി.
ഇന്ത്യയിലെ വസ്തുവകകള്‍ ഉപേക്ഷിച്ച് പാകിസ്താനിലേക്കും ചൈനയിലേക്കും പലായനം ചെയ്തവര്‍ കൈവിട്ട സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം ഉന്നയിക്കുന്നത് നിയമഭേദഗതി വഴി അസാധുവാക്കാനാണ് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്. നിയമഭേദഗതി ഓര്‍ഡിനന്‍സ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അതിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം തേടുന്ന ബില്ലാണ് ലോക്സഭ കടന്ന് രാജ്യസഭയില്‍ എത്തിനില്‍ക്കുന്നത്. വ്യവസ്ഥകളില്‍ വിശദപരിശോധന വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് രാജ്യസഭ പഠനത്തിന് സെലക്ട് കമ്മിറ്റിക്ക് വിട്ടത്.
245 അംഗ സഭയില്‍ എതിര്‍പ്പു പ്രകടിപ്പിച്ച പാര്‍ട്ടികളിലെ അംഗങ്ങളുടെ എണ്ണം 94 ആണ്. തെരഞ്ഞെടുപ്പിന്‍െറ തിരക്കില്‍പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എന്നിവയും ബില്ലിനോടുള്ള എതിര്‍പ്പ് വൈകാതെ പ്രകടിപ്പിച്ചേക്കും. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭക്ക് ബില്‍ പാസാക്കാന്‍ കഴിയാതെവരും.
വെള്ളിയാഴ്ചയാണ് ശത്രുസ്വത്ത് ബില്ലിനെക്കുറിച്ച സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചത്. ലോക്സഭ പാസാക്കിയ രണ്ടു ഭേദഗതികള്‍ ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവ് നയിക്കുന്ന സമിതി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഡല്‍ഹി, പശ്ചിമ ബംഗാള്‍, യു.പി തുടങ്ങി 22 സംസ്ഥാനങ്ങളിലായി 2,000ത്തോളം ‘ശത്രുസ്വത്ത്’ വകകളുണ്ടെന്നാണ് കണക്കാക്കുന്നത്. സമിതി മുമ്പാകെ ഹാജരായി അഭിപ്രായം അറിയിച്ച 17 സംസ്ഥാനങ്ങളില്‍ ബിഹാര്‍ ഈ ബില്ലിനെ എതിര്‍ത്തു. ചില ബി.ജെ.പിയിതര സംസ്ഥാനങ്ങള്‍ ഏതാനും ഭേദഗതികള്‍ നിര്‍ദേശിച്ചു.
1968ലെ ശത്രുസ്വത്ത് നിയമം സന്തുലിതമാണെന്ന് വിയോജനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സ്ഥിരം ശത്രുവില്ല. സ്വത്തിന്‍െറ പിന്തുടര്‍ച്ചാവകാശം പഴയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിയമം വഴി നിഷേധിക്കരുത്. ചില ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്ന നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. രക്ഷിതാക്കള്‍ രാജ്യം വിട്ടുപോകാന്‍ തീരുമാനിച്ചപ്പോഴും ഇന്ത്യയില്‍ തുടറന്ന പിന്തുടര്‍ച്ചാവകാശികള്‍ക്കുള്ള ശിക്ഷയാണിതെന്നാണ് ബിഹാര്‍ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.