വണ്ടിച്ചെക്ക്; വിജയ് മല്യക്കെതിരെ നാല് ജാമ്യമില്ലാ വാറന്‍റ്


ഹൈദരാബാദ്: ജി.എം.ആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കോടി രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വിജയ് മല്യക്കെതിരെ നാല് ജാമ്യമില്ലാ വാറന്‍റ് കൂടി പുറപ്പെടുവിച്ചു. എറാമഞ്ചില്‍ കോര്‍ട്സ് കോംപ്ളക്സാണ് മല്യക്കും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമെതിരെ വാറന്‍റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 29ന് ഇതില്‍ തീര്‍പ്പുകല്‍പിക്കും.
നേരത്തെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്‍റുകള്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മല്യയെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നുവെന്നും  ഇത്തരത്തില്‍  ഹൈകോടതിയെ സമീപിച്ച് ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും മല്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. എച്ച്. സുധാകര്‍ റാവു പറഞ്ഞു.
വണ്ടിച്ചെക്ക് നല്‍കിയ സംഭവത്തില്‍ മല്യക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗിയാല്‍ (ജി.എം.ആര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്) വിവിധ കോടതികളില്‍ ഹരജി നല്‍കിയിരുന്നു.
മാര്‍ച്ച് 10ന് അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി മല്യക്കെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്‍റ് ഏപ്രില്‍ 13ന് പരിഗണിക്കാനിരിക്കുകയാണ്. മല്യ ഗിയാലിന് എട്ട് കോടി നല്‍കാനുണ്ടെന്നും പതിനൊന്ന് കേസുകള്‍ നിലവിലുണ്ടെന്നും ജി.എം.ആര്‍ കൗണ്‍സല്‍ ജി. അശോക് റെഡ്ഡി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.