വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

ഹൈദരാബാദ്: ബാങ്ക് വായ്പകൾ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വഞ്ചനാക്കുറ്റത്തിൽ ഹൈദരാബാദ് മെട്രോ പൊളിറ്റൻ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കിങ്ഫിഷർ എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഒാഫിസർ എ. രഘുനാഥിനും വാറണ്ടുണ്ട്. ഏപ്രിൽ 13ന് മല്യയെ ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജി.എം.ആർ ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മല്യക്കെതിരായ കോടതി നടപടി. കിങ്ഫിഷർ എയർലൈൻസ് വഞ്ചിച്ചെന്നും ചെക്കിൽ പണമുണ്ടായിരുന്നില്ലെന്നും കമ്പനി പരാതിയിൽ വ്യക്തമാക്കി. മല്യക്കെതിരെ 11 പരാതികളാണ് ജി.എം.ആർ കമ്പനി പരാതി നൽകിയിരിക്കുന്നത്.

അതിനിടെ, ബ്രിട്ടനിലെ മാധ്യമങ്ങള്‍ക്കെതിരെ വിജയ് മല്യ രംഗത്തെത്തി. തന്നെ വേട്ടയാടുകയാണെന്നും തിരഞ്ഞു നടക്കുന്ന അവർ നോക്കേണ്ട സ്ഥലത്ത് നോക്കുന്നില്ലെന്നും ട്വിറ്ററിൽ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും അതിനായി സമയം കളയേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മല്യ ബ്രിട്ടനില്‍ ആഢംബരമായ ജീവിതം നയിക്കുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  എന്നാല്‍ മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്കു പറന്ന മല്യയെക്കുറിച്ച് ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ബിസിനസുകാരനായ തനിക്ക് പലപ്പോഴും ഇന്ത്യക്കു പുറുത്തക്ക് സഞ്ചരിക്കേണ്ടി വരുമെന്നും താന്‍ ഒളിച്ചോടിയതല്ലെന്നും ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും മല്യ വ്യക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.