വിജയ് മല്യക്കെതിരായ അന്വേഷണത്തില്‍ ‘സെബി’യും

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യ കമ്പനിയായ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ അധ്യക്ഷ പദവി ഒഴിയാന്‍ വിജയ് മല്യയുമായി ബ്രിട്ടീഷ് മദ്യ കമ്പനി ഡിയാജിയോ നടത്തിയ 515 കോടി രൂപയുടെ ഇടപാട് അന്വേഷിക്കാന്‍ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും.

മല്യയുടെ ഉടമസ്ഥതയിലായിരിക്കെ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡും അനുബന്ധ കമ്പനികളും മല്യയുടെ യുനൈറ്റഡ് ബ്രേവറീസ് ഗ്രൂപ് കമ്പനികളുമായി നടത്തിയ ഇടപാടില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ മല്യയോട് ഡിയാജിയോ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 25നാണ് 515 കോടി രൂപ സ്വീകരിച്ച് അധ്യക്ഷ പദവി ഒഴിയാന്‍ മല്യ ഡിയാജിയോയുമായി ധാരണയിലായത്. എന്നാല്‍, ഇക്കാര്യം യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ മറ്റ് ഇന്ത്യന്‍ ഓഹരി ഉടമകളില്‍നിന്ന് മറച്ചുവെച്ചതും നിയമങ്ങളും വിപണന നയങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതുമാണ് സെബി അന്വേഷിക്കുന്നത്. ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി സെബി യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചു. സെബിയില്‍നിന്ന് വിവരങ്ങള്‍ തേടി ‘അപേക്ഷ’ ലഭിച്ചതായി യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് വക്താവ് അറിയിച്ചു. അന്വേഷണത്തില്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കുന്നതുപോലെ സെബിയുമായും സഹകരിക്കുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

2012നും 2014നുമിടയില്‍ മൂന്നു ഘട്ടങ്ങളായാണ് യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ ഓഹരികള്‍ ഡിയാജിയോക്ക് വിജയ് മല്യ വിറ്റത്. ഇപ്പോള്‍ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ 54.7 ശതമാനം ഓഹരി ഡിയാജിയോക്കാണ്. വിജയ് മല്യക്കും അദ്ദേഹത്തിന്‍െറ കമ്പനികള്‍ക്കും യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡില്‍ 3.99 ശതമാനം ഓഹരി മാത്രമാണുള്ളത്. ശേഷിക്കുന്നവ മറ്റു കമ്പനികളുടെയും വ്യക്തികളുടെയുമാണ്. ഡിയാജിയോയും മല്യയും തമ്മില്‍ നടന്ന 515 കോടി രൂപയുടെ ഇടപാട് മറ്റ് ഇന്ത്യന്‍ ഓഹരി ഉടമകളെ എന്തുകൊണ്ട് അറിയിച്ചില്ല എന്നതാണ് സെബി ചോദിക്കുന്നത്. മല്യയും ഡിയാജിയോയും തമ്മില്‍ 515 കോടിയുടെ ധാരണ ആകുന്നതിനിടയില്‍ ഓഹരി വിപണിയില്‍ നടന്ന ഏറ്റക്കുറച്ചിലുകളും സെബി അന്വേഷിക്കുന്നു. മല്യയും ഡിയാജിയോയും തമ്മില്‍ ധാരണയായ ഫെബ്രുവരി 25 വരെ തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ഓഹരി വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകളെയാണ് സെബി സംശയിക്കുന്നത്.

അഞ്ചു ദിവസത്തിനിടയില്‍ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ ഓഹരി 17.5 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സെന്‍സെക്സ് 2.8 ശതമാനം ഇടിച്ചിലാണ് രേഖപ്പെടുത്തിയത്. ഓഹരി കൈമാറ്റ ശേഷം യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് 2.45 ശതമാനവും സെന്‍സെക്സ് 0.8 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 2010നും 2013നുമിടയില്‍ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡും അനുബന്ധ കമ്പനികളും മല്യയുടെ യുനൈറ്റഡ് ബ്രേവറീസ് ഗ്രൂപ് കമ്പനികളുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് പ്രമുഖ ഓഡിറ്റിങ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കോഓപേഴ്സ് നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിനോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.