വായ്പാ കുടിശ്ശിക: കിങ്ഫിഷര്‍ മുന്‍ ധനകാര്യ മേധാവിയെ ചോദ്യം ചെയ്തു

മുംബൈ: ഐ.ഡി.ബി.ഐ ബാങ്കില്‍നിന്നും 900 കോടി വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ കേസില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍ കമ്പനിയുടെ മുന്‍ ധനകാര്യ മേധാവി എ. രഘുനാഥനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്തു. ഡയറക്ടറേറ്റിന്‍െറ മുംബൈയിലെ ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രഘുനാഥന് വ്യാഴാഴ്ച നോട്ടീസ് നല്‍കിയിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈനില്‍ ദീര്‍ഘനാള്‍ സര്‍വിസുള്ള എ. രഘുനാഥനില്‍നിന്നും പണമിടപാട് സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്സ്മെന്‍റിന് ലഭിച്ചതെന്നാണ് സൂചന. 

കേസില്‍ രഘുനാഥനെ കൂടാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ആറിലധികം ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവരുടെ ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  വൃത്തങ്ങള്‍ അറിയിച്ചു. എസ്.ബി.ഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍നിന്ന് 9,000 കോടിയുടെ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ നടപടി. മല്യ വിദേശത്തേക്ക് കടന്നശേഷം അദ്ദേഹത്തെ കുറ്റപ്പെടുത്തി എ. രഘുനാഥന്‍ സംസാരിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യാന്‍  തീരുമാനിച്ചത്.

അതേസമയം, കിങ്ഫിഷര്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ കൂടാതെ ഐ.ഡി.ബി.ഐ ബാങ്കിന്‍െറ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യോഗേഷ് അഗര്‍വാളിനെയും മുതിര്‍ന്ന എക്സിക്യൂട്ടിവിനെയും  ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളെ കബളിപ്പിച്ച് കടന്നുകളഞ്ഞ കേസില്‍ വിജയ് മല്യക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍െറ ചുവടുപിടിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. വായ്പാ പരിധിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടാണ് മല്യക്ക് ഇത്രയും വലിയ തുകകള്‍ ബാങ്കുകള്‍ നല്‍കിയതെന്നാണ് സി.ബി.ഐ കണ്ടത്തെല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.