മല്യയുടെ മടക്കം മല്യ തീരുമാനിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ ഇന്ത്യയില്‍നിന്ന് മുങ്ങിയ പ്രമുഖ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലുണ്ടെന്ന് വ്യക്തമായ വിവരം. എന്നാല്‍, പാര്‍ലമെന്‍റിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, ഇയാള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നും ഉണ്ടാകാനിടയില്ല. മല്യ ഇന്ത്യയില്‍ എപ്പോള്‍ തിരിച്ചുവരണമെന്ന് മല്യ തീരുമാനിക്കും.

മാര്‍ച്ച് ഒന്നിന് പാര്‍ലമെന്‍റില്‍ ഹാജരായിരുന്ന മല്യ പിറ്റേന്നാണ് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ലണ്ടനിലേക്ക് പോയത്. ലണ്ടന്‍െറ ഹൃദയഭാഗത്ത് ക്വീന്‍ ഹു റോഡിലെ ഏറ്റവും വലിയ ബംഗ്ളാവ് വിജയ് മല്യയുടേതാണ്. രാജ്യസഭാംഗമാണെങ്കിലും 28 വര്‍ഷമായി പതിവായി ലണ്ടനിലാണ് മല്യ. തന്‍െറ ബംഗ്ളാവില്‍ മല്യ ഉണ്ടെന്നാണ് വിവരം. എന്നാല്‍, സുപ്രീംകോടതി ഇ-മെയില്‍ നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചതിനാല്‍, അത് ഒൗപചാരികമായി കൈപ്പറ്റുന്നത് ഒഴിവാക്കാന്‍, മല്യ ബംഗ്ളാവിലില്ളെന്ന വിശദീകരണം അവിടത്തെ ജോലിക്കാര്‍ നല്‍കിത്തുടങ്ങിയതായി ലണ്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, മല്യ ലണ്ടനിലെ ഒരു ഗ്രാമത്തിലുള്ള തന്‍െറ എസ്റ്റേറ്റില്‍ ആര്‍ഭാടത്തോടെ കഴിയുകയാണെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ റിപ്പോട്ട് ചെയ്തു.

സര്‍ക്കാറിന്‍െറ ഒത്താശയോടെയാണ് പാര്‍ലമെന്‍റ് അംഗവും പ്രവാസി ഇന്ത്യക്കാരനുമായ മല്യ രാജ്യം വിട്ടതെന്ന ശക്തമായ ആരോപണമാണ് മോദിസര്‍ക്കാര്‍ നേരിടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മല്യക്കെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസുണ്ട്. മല്യ രാജ്യം വിടുമെന്ന് എല്ലാ സൂചനകളും ഉണ്ടായിരുന്നു. എന്നിട്ടും, ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസംതന്നെ ലണ്ടനിലേക്ക് പറക്കാന്‍ മല്യക്ക് കഴിഞ്ഞു. മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് കണ്ടത്തെലിന് മാത്രമുള്ളതാണ്, കസ്റ്റഡിയിലെടുക്കാനുള്ളതല്ളെന്നാണ് ധനകാര്യമന്ത്രാലയത്തിന് കീഴിലെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നല്‍കുന്ന വിശദീകരണം.

ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യതക്കാരനായ മല്യയെ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിട്ടും ലണ്ടനിലേക്ക് പറക്കാന്‍ അനുവദിച്ചത് ബാങ്കുകള്‍ കോടതിയെ സമീപിച്ച സമയത്തുതന്നെയായിരുന്നു. മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ബാങ്കുകള്‍ കോടതി കയറിയത്. ഇതൊരു രക്ഷപ്പെടലാണെന്ന വ്യക്തമായ ബോധ്യം അധികൃതര്‍ക്കുണ്ടായിരുന്നു. രാജ്യം വിടുന്നത് തടയുന്നതാണ് ലുക്കൗട്ട് നോട്ടീസ്. ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയാപിള്ളയെ മുമ്പ് വിമാനത്തില്‍നിന്ന് പിടിച്ചിറക്കി യാത്ര തടഞ്ഞ സര്‍ക്കാര്‍തന്നെയാണ്, മല്യക്ക് മുങ്ങാന്‍ അവസരം കൊടുത്തത്.
ഐ.പി.എല്‍ വിവാദനായകനായ ലളിത് മോദി ലണ്ടനിലേക്ക് കടന്ന അതേ മാതൃകയില്‍തന്നെയാണ് ഇപ്പോള്‍ വിജയ് മല്യയും മുങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുമ്പോഴാണ്, അധികൃതരുടെ ഒത്താശയില്‍ ലളിത് മോദി വിദേശത്തേക്ക് പറന്നത്. ലളിത് മോദിയുടെ കാര്യത്തിലെന്നപോലെ മല്യയെ തിരിച്ചുകൊണ്ടുവരുക ലളിതമല്ല.

പാര്‍ലമെന്‍റ് അംഗമായ മല്യ ഉത്തരവാദപ്പെട്ട പൗരനെന്ന നിലയില്‍ തിരിച്ചത്തെുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്.  വിജയ് മല്യയോട് സര്‍ക്കാറിനുള്ള താല്‍പര്യം ഗോവയിലെ ഒരു ജില്ലാ കലക്ടറുടെ നടപടിയില്‍ നേരത്തേ തെളിഞ്ഞിട്ടുണ്ട്. വടക്കന്‍ ഗോവയില്‍ 150 കോടി രൂപ വിലമതിക്കുന്ന കിങ്ഫിഷര്‍ വില്ല മൂന്നു മാസത്തിനകം കണ്ടുകെട്ടാന്‍ കോടതി മുമ്പ് ഉത്തരവിട്ടതാണ്. ജപ്തി നടപടികളില്‍ എട്ടുതവണ വാദം നീട്ടിക്കൊണ്ടുപോവുകയും ഒടുവില്‍ അവധിയില്‍ പ്രവേശിച്ച് മല്യയെ രക്ഷിക്കുകയുമാണ് അന്ന് ജില്ലാ കലക്ടര്‍ ചെയ്തത്.

അതേസമയം, പൊതുമേഖലാ ബാങ്കുകള്‍ക്ക് ഡിസംബര്‍വരെയുള്ള കണക്കു പ്രകാരം വായ്പാ കുടിശ്ശിക 3.60 ലക്ഷം കോടി രൂപയാണെന്ന കണക്കുകള്‍ മല്യ നാടുവിട്ടതോടെ സജീവ ചര്‍ച്ചയായിട്ടുണ്ട്. രാജ്യത്തെ 10 കോര്‍പറേറ്റ് പ്രമുഖരുടെ വായ്പ ഏഴര ലക്ഷം കോടിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.