കേരളത്തില്‍ കുര്യനെ തടഞ്ഞതിന് രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ തടഞ്ഞ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ലമെന്‍റില്‍ അവകാശലംഘന നടപടിക്ക് നോട്ടീസ്. ഈ വിഷയത്തില്‍ നോട്ടീസ് നല്‍കേണ്ടതില്ളെന്ന കുര്യന്‍െറ അഭിപ്രായപ്രകടനം തള്ളിയാണ് തെലങ്കാനയില്‍നിന്നുള്ള എം.പി കേശവറാവു നോട്ടീസ് നല്‍കിയത്. രാജ്യസഭാ ഉപാധ്യക്ഷനെ തടഞ്ഞ ബി.ജെ.പി, യുവമോര്‍ച്ച നടപടി പാര്‍ലമെന്‍റിനോടുള്ള അവഹേളനമാണെന്ന് കേശവറാവു പറഞ്ഞു. രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ കുര്യന്‍ സഭയില്‍ സ്വീകരിച്ച നിലപാടിനോടുള്ള പ്രതിഷേധമായതിനാല്‍ അത്യധികം ഗൗരവത്തോടെ വിഷയത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ടീസിനെ പിന്തുണക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് കുമാറും സി.പി.ഐ നേതാവ് ഡി. രാജയും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ളയും വ്യക്തമാക്കി. സംഭവത്തെ തങ്ങള്‍ അപലപിക്കുകയാണെന്നും കുര്യനെ ഖേദം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവും ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും കേരള നേതൃത്വവുമായി ബന്ധപ്പെട്ട് താക്കീത് നല്‍കിയിട്ടുണ്ടെന്നും ഉത്തരവാദികളായ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഖ്വി തുടര്‍ന്നു. തന്‍െറ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയാണുണ്ടായതെന്ന് കുര്യന്‍ വിശദീകരിച്ചു. അവകാശലംഘന നടപടിയില്‍നിന്ന് പിന്മാറാന്‍ അദ്ദേഹം കേശവറാവുവിനോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തയാറായില്ല. നോട്ടീസില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി തുടര്‍നടപടിയെടുക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.