കേരളത്തിനുനേരെ കണ്ണടച്ച് ബജറ്റ്

ന്യൂഡല്‍ഹി: ആറ്റുനോറ്റിരുന്ന റബര്‍ പാക്കേജ് തരുന്നതുപോയിട്ട് റബറിന്‍െറ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍പോലും തയാറാകാതെ സംസ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറക്കുകകൂടി ചെയ്ത് മോദി സര്‍ക്കാറിന്‍െറ മൂന്നാം ബജറ്റ് കേരളത്തോട് കണ്ണടച്ചു. നാലിടങ്ങളില്‍ ഭൂമി കണ്ടത്തെിക്കൊടുത്തിട്ടും കേരളത്തിന്‍െറ ‘എയിംസ്’ സംബന്ധിച്ച് മൗനംപാലിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഐ.ഐ.ടിക്കും ഒന്നും നീക്കിവെച്ചില്ല. തെരഞ്ഞെടുപ്പ് വര്‍ഷം ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചതും വെറുതെയായി.

സംസ്ഥാനത്തിന് ഏറെ പ്രയോജനകരമായ നാളികേര വികസന ബോര്‍ഡിനുള്ള വിഹിതം, തെങ്ങുകൃഷിയുടെ പുനരുജ്ജീവന വിഹിതം എന്നിവയും കേന്ദ്ര ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലുണ്ടായിരുന്ന നാളികേരം, പന ഇന്‍ഷുറന്‍സ് പദ്ധതിക്കും ഇത്തവണ തുകയില്ല. എച്ച്.എം.ടി, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവക്ക് പുറമെ കഴിഞ്ഞ വര്‍ഷങ്ങളില്‍വരെ തുക വകയിരുത്തിയിരുന്ന കൊച്ചി പ്രത്യേക സാമ്പത്തിക മേഖല, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡ്, വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കും ഈ ബജറ്റില്‍ തുകയില്ല. വിഴിഞ്ഞം തുറമുഖവും വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലും സഹായപദ്ധതികളിലില്ല. കഴിഞ്ഞ വര്‍ഷം 71.23 കോടി വകയിരുത്തിയ കയര്‍ ബോര്‍ഡിനെയും മറ്റ് അനുബന്ധ വ്യവസായങ്ങളെയും ബജറ്റില്‍നിന്ന് ഒഴിവാക്കിയ ജെയ്റ്റ്ലി പകരം കയര്‍ വികാസ് യോജനക്ക് 45.45 കോടിയും കയര്‍ ഉദ്യമി യോജനക്ക് 20 കോടിയും വകയിരുത്തുകയാണ് ചെയ്തത്.

30 കോടി രൂപയുടെ വായ്പയും 16 കോടി രൂപയുടെ ഓഹരിനിക്ഷേപവുമാണ് കൊച്ചി മെട്രോക്ക് കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലയില്‍ ബജറ്റില്‍ വകയിരുത്തിയത്. മൊത്തം കാണിച്ച 450 കോടിയില്‍ ബാക്കി 404 കോടി രൂപ വിദേശവായ്പയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിദേശവായ്പ കേന്ദ്രം വഴിയാണ് നല്‍കാറ് എന്നതുകൊണ്ടാണ് ഈ 404 കോടി ബജറ്റില്‍ ഇടം പിടിച്ചത്. വായ്പയും ഓഹരിവിഹിതവുമായി കേന്ദ്രം ആകെ വാഗ്ദാനം ചെയ്തിരുന്നത് 1002 കോടിയാണ്. ഇപ്പോള്‍ അനുവദിച്ച 16 കോടിയോടെ കേന്ദ്ര ഓഹരി വിഹിതം പൂര്‍ത്തിയായി. ഹജ്ജ് തീര്‍ഥാടനത്തിനുള്ള സബ്സിഡി 450 കോടിയാണ്.

മറ്റു വിഹിതങ്ങള്‍ (ബ്രാക്കറ്റില്‍ കഴിഞ്ഞ ബജറ്റിലെ വിഹിതം)
• എഫ്.എ.സി.ടി - ആറ് കോടി (2015ല്‍ 34.99 കോടി)
• തിരുവനന്തപുരം നാഷനല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് - 49.90 കോടി (65.14 കോടി)
• കാര്യവട്ടം ലക്ഷ്മി ഭായ് ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്   - 6.60 കോടി (35 കോടി)
• കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് - 33.31 കോടി
• കൊച്ചി കപ്പല്‍ശാല - 116 കോടി (40 കോടി)
• തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിനും (ഐസര്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനും -1102.52 കോടി (879.09 കോടി)
• കുസാറ്റ് അടക്കം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്, സയന്‍സ് ആന്‍ഡ് ടെക്നോളജിയാക്കി ഉയര്‍ത്താന്‍ - 80 കോടി
• ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് - 671 കോടിയുടെ വിഹിതാംശം (850 കോടി)
• ഐ.എസ്.ആര്‍.ഒ - 948.10 കോടി (386 കോടി)
• എല്‍.പി.എസ്.സി  - 471.75 കോടി (309 കോടി)
• വി.എസ്.എസ്.സി -1835.42 കോടി (1029 കോടി)  
വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം:
• റബര്‍ ബോര്‍ഡ് -132.75 കോടി (161.75 കോടി)
• തേയില ബോര്‍ഡ് -  129.98 കോടി (116.98 കോടി)
• കോഫി ബോര്‍ഡ്  - 121.54 കോടി (136.54 കോടി)
• സ്പൈസസ് ബോര്‍ഡ് -  70.35 കോടി (95.35 കോടി)
• കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ - നാലു കോടി (നാലു കോടി)
•സമുദ്രോല്‍പന്ന കയറ്റുമതി വികസന
അതോറിറ്റി  - 90 കോടി (120 കോടി)

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.