കോപ്പിയടിച്ച് ‘സാറാവാന്‍’ നോക്കേണ്ട, പ്രബന്ധചോരണം തടയാന്‍ ബില്‍ വരുന്നു

ന്യൂഡല്‍ഹി: വൈസ്ചാന്‍സലര്‍മാരടക്കം പല പ്രമുഖരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിച്ചു തയാറാക്കിയവയാണെന്ന് വെളിപ്പെട്ടതോടെ ഈ പ്രവണത തടയാന്‍ യു.ജി.സി നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. ഗവേഷണ പ്രബന്ധചോരണം (പ്ളേജറിസം) തടയല്‍ സംബന്ധിച്ച കരടുബില്‍ അടുത്തദിവസം മാനവശേഷി വികസനമന്ത്രാലയം മുമ്പാകെ സമര്‍പ്പിക്കും. പ്രബന്ധം മോഷണമാണെന്ന് ബോധ്യമായാല്‍ താക്കീതുചെയ്യല്‍ മുതല്‍ അംഗീകാരം റദ്ദാക്കല്‍ വരെയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ശിക്ഷ. അധ്യാപകരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടാനാണ് നിര്‍ദേശിക്കുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മോഷ്ടിച്ച് പ്രബന്ധങ്ങള്‍ തയാറാക്കുന്ന രീതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ ഇത്തരം ആരോപണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു.

നിലവില്‍ ഓരോ സര്‍വകലാശാലകളും ചോരണ ആരോപണം ഓരോ രീതിയില്‍ ആണ് നേരിടുന്നത്. പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രകൃഷ്ണമൂര്‍ത്തിയുടെ പുസ്തകത്തിന്‍െറ മുക്കാല്‍പങ്കും മോഷ്ടിച്ചെഴുതിയതാണെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ അവരെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിരുന്നു. രോഹിത് വെമുലയുടെ മരണത്തെച്ചൊല്ലി ആരോപണവിധേയനായ ഹൈദരാബാദ് കേന്ദ്രസര്‍വകലശാല വി.സി അപ്പാ റാവുവിനെതിരെ ചോരണ ആരോപണം നേരത്തേ നിലവിലുണ്ട്. ഈ വിഷയത്തില്‍ മാനവശേഷി മന്ത്രാലയം റാവുവിനോട് വിശദീകരണം തേടിയിരുന്നു.

അക്കാദമിക സത്യസന്ധത ഉറപ്പാക്കാനാണ് ഈ ശ്രമങ്ങളെന്നും മോഷ്ടിച്ച് എഴുതിയവരെന്ന് ബോധ്യപ്പെട്ടാല്‍ അധ്യാപകരെ നിശ്ചിത കാലത്തേക്ക് രചനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് തടയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും യു.ജി.സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യു.ജി.സി നിര്‍ദേശാനുസരണം ചോരണമുക്തമായ രചനകള്‍ക്കുമാത്രം അംഗീകാരം നല്‍കാനുള്ള നടപടികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.