ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജൻ പുറത്തായെന്നും ഇനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പുറത്താകാൻ പോകുന്നതെന്നും ബി.ജെ.പിയുടെ രാജ്യസഭാ അംഗം സുബ്രഹ്മണ്യൻ സ്വാമി. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുൻവശത്ത് ബി.ജെ.പി എം.പി മഹേഷ് ഗിരി നടത്തുന്ന നിരാഹാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമി. ജീവിതകാലം മുഴുവൻ കെജ്രിവാൾ തട്ടിപ്പുകാരനാണ്. ഐ.ഐ.ടി വിദ്യാർഥിയാണെന്നാണ് കെജ്രിവാൾ പറയുന്നത്. എന്നാൽ എങ്ങനെ അദ്ദേഹത്തിന് ഐ.ഐ.ടി പ്രവേശം ലഭിച്ചെന്ന് താൻ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.
ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ മഹേഷ് ഗിരി ഇന്നലെ മുതലാണ് കെജ്രിവാളിനെതിരെ പ്രതിഷേധം തുടങ്ങിയത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.) ഉദ്യോഗസ്ഥനായിരുന്ന എം. ഖാൻെറ മരണത്തിൽ മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കെജ്രിവാളിൻെറ ആരോപണം പിൻവലിച്ച് മാപ്പ് പറയുക എന്നതാണ് സമരാവശ്യം. ആവശ്യമെങ്കിൽ തന്നെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട മഹേഷ് ഗിരി കെജ്രിവാളിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു. കെജ്രിവാൾ മാപ്പുപറയാതെയോ രാജിവെക്കാതെയോ എം.പിയുടെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് സ്വാമി വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പുറത്താക്കണമെന്ന് നേരത്തേ സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രഘുറാം രാജനെതിരെ തുടർച്ചയായ ആരോപണങ്ങളും സ്വാമി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.