മോദി സർക്കാർ രഘുറാം രാജനെ അര്‍ഹിക്കുന്നില്ലെന്ന് ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രഘുറാം രാജനെ അര്‍ഹിക്കുന്നില്ലെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. രാജനെ രാജ്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ തീരുമാനം നിരാശാജനകവും വേദനയുണ്ടാക്കുന്നതുമാണ്. എന്നാല്‍ വാര്‍ത്ത അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനില്ലെന്ന രാജന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രഘുറാം രാജന്‍റെ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് ഊഹോപോഹങ്ങൾ ശക്തമായി. നിലവിൽ പരിഗണനപ്പട്ടികയിൽ ഏഴുപേരാണുള്ളതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിജയ് കേൽക്കർ, രാകേഷ് മോഹൻ, അശോക് ലാഹിരി, ഉർജിത് പട്ടേൽ, അരുന്ധതി ഭട്ടാചാര്യ, സുബിർ ഗോകൺ, അശോക് ചാവ്‌ല എന്നിവരെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ആർ.ബി.ഐ ഡപ്യൂട്ടി ഗവർണർ കൂടിയായ ഉർജിത് പട്ടേൽ, എസ്.ബി.ഐ ചെയർ-മാനേജിങ് ഡയറക്ടർ അരുന്ധതി ഭട്ടാചാര്യ എന്നിവർക്കാണ് മുൻഗണനയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയത്. കാലാവധി അവസാനിക്കുന്ന സപ്തംബര്‍ 4ന് ശേഷം അധ്യാപന മേഖലയിലേക്ക് മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.