ദാഭോല്‍ക്കര്‍ വധം: കൊലയാളികളെ തിരിച്ചറിഞ്ഞതായി സി.ബി.ഐ

മുംബൈ: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായ ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ക്കു നേരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞതായി സി.ബി.ഐ വൃത്തങ്ങള്‍. 2009 ലെ ഗോവ സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളിയായ സാരംഗ് അകോല്‍ക്കറാണ് ഒരാള്‍. രണ്ടാമത്തെ ആളെ കുറിച്ച് സി.ബി.ഐ വെളിപ്പെടുത്തിയില്ല. ഇരുവരും തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സന്‍സ്തയില്‍ അംഗങ്ങളാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ഈയിടെ അറസ്റ്റിലായ ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് ഡോ. വിരേന്ദ്ര സിങ് താവ്ഡെയും സാരംഗ് അകോല്‍ക്കര്‍ എന്നിവര്‍ നടത്തിയ ഇമെയില്‍, എസ്.എം.എസ് സന്ദേശങ്ങളുടെ സൈബര്‍ ഫോറന്‍സിക് തെളിവുകളാണ് വെടിയുതിര്‍ത്തവരെ തിരിച്ചറിയാന്‍ സഹായകമായതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പൊലീസ് തയ്യാറാക്കിയ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ രേഖാചിത്രങ്ങളുമായി ഇവര്‍ക്ക് സാമ്യമുണ്ടെന്നും പറയുന്നു. 2009 ലെ ഗോവ സ്ഫോടന കേസില്‍ പേര് പുറത്തുവന്നതോടെ ഒളിവിലാണ് സാരംഗ് അകോല്‍ക്കര്‍. ഇയാര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സനതാന്‍ സന്‍സ്തയിലെ മുതിര്‍ന്ന അംഗത്തിനും കൊലയാളികള്‍ക്കുമിടയിലെ കണ്ണിയാണ് ഡോ. വീരേന്ദ്ര സിങ് താവ്ഡെ എന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നേതാവില്‍ നിന്ന് നിര്‍ദേശളങ്ങള്‍ ലഭിച്ച താവ്ഡെ പദ്ധതി ആസൂത്രണം ചെയ്ത് സാരംഗ് അകോലക്കറെ അപ്പപ്പോള്‍ അറിയിക്കുകയായിരുന്നുവത്രെ. ഇമെയില്‍, എസ്.എം.എസ് സംവിധാനത്തിലൂടെ കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ആശയവിനിമയം. ദാഭോല്‍ക്കറാണ് ലക്ഷ്യമെന്നും ഇല്ലാതാക്കണമെന്നും സന്ദേശങ്ങളില്‍ ആവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാടന്‍ തോക്കിന് ദേശ സാഹിത്യമെന്നും വിദേശ തോക്കിന് വിദേശ സാഹിത്യമെന്നുമാണ് ഉപയോഗിച്ചത്. അവ ലഭിക്കുന്ന പ്രദേശത്തിന് ഫാക്ടറി എന്നര്‍ഥം വരുന്ന കാര്‍ഖാന എന്ന ഹിന്ദിവാക്കാണ് ഉപയോഗിച്ചത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ദേശ സാഹിത്യം ലഭിക്കുക എന്നും വിദേശ സാഹിത്യത്തിന്‍െറ കാര്‍ഖാന അസം ആണെന്നും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

സനതാന്‍ സന്‍സ്തയുടെ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗ്രൂതി സമിതിയുടെ പശ്ചിമേഷ്യന്‍ ചുമത വഹിച്ചിരുന്നത് ഡോ. വീരേന്ദ്ര താവ്ഡെ ആണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെ, കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതക കേസുകള്‍ അന്വേഷിച്ച മഹാരാഷ്ട്ര സി.ഐ.ഡിയും കര്‍ണ്ണാഡക സി.ഐ.ഡിയും താവ്ഡെയെ കുറിച്ച പരാമര്‍ശിച്ചിരുന്നു. ദാഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി ‘പ്രൊജക്ടുകളു’ടെ  ആസൂത്രകനും നടത്തിപ്പുകാരനും താവ്ഡെ ആണെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. സനതാന്‍ സന്‍സ്തക്ക് സ്വന്തമായി ഒരു സൈന്യമുണ്ടാക്കാനുള്ള ദൗത്യവും താവ്ഡെക്കുണ്ടായിരുന്നുവത്രെ. ഗോവയാണ് സനതാന്‍ സന്‍സ്തയുടെ ആസ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.