ഡീസല്‍ വാഹന നിരോധം: സംസ്ഥാന നിലപാടിന് കേന്ദ്രപിന്തുണ

ന്യൂഡല്‍ഹി:  കേരളത്തിലെ ആറ് നഗരങ്ങളില്‍ 2000 സി.സിക്ക് മുകളിലുള്ളതും 10 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍  സംസ്ഥാന നിലപാടിന് പിന്തുണതേടി  ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു.

വിധി സംസ്ഥാനത്ത് ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളും നിലവിലെ മലിനീകരണത്തോതും പ്രായോഗികമായി പഠിക്കുന്നതിന് സമിതികളെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി  അറിയിച്ചതായി ശശീന്ദ്രന്‍ പിന്നീട്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി തീരുമാനം അനുസരിച്ച് സംസ്ഥാന സര്‍ക്കാറിന് ദോഷകരമല്ലാത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ജൈവ ഇന്ധനം, ബാറ്ററി തുടങ്ങിയവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുക, ഡീസല്‍ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റുക തുടങ്ങിയ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഗഡ്കരി നിര്‍ദേശിച്ചു. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയില്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് നടത്തുന്ന ഗവേഷണം പ്രയോജനപ്പെടുത്തി അനുയോജ്യമായ വാഹനങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തതായും മന്ത്രി പറഞ്ഞു.

കേരളത്തില്‍ എറണാകുളത്ത് മാത്രമേ സി.എന്‍.ജി പൈപ്പ് ലൈന്‍ ഉള്ളൂ. സി.എന്‍.ജി വിതരണം ആറ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സി.എന്‍.ജി ഉപയോഗിക്കുന്നതിന് യന്ത്രഭാഗങ്ങളില്‍ മാറ്റംവരുത്തണം.കേരളത്തില്‍ 2007 മുതല്‍ വാഹന ഉടമകളില്‍നിന്ന് 15 വര്‍ഷത്തെ നികുതി ഈടാക്കുന്നുണ്ട്. ഇത് 10 വര്‍ഷമായി കുറക്കുമ്പോള്‍ ശേഷിക്കുന്ന അഞ്ചുവര്‍ഷത്തെ നികുതി സര്‍ക്കാര്‍ വാഹന ഉടമക്ക് തിരിച്ചുനല്‍കേണ്ടി വരും.  നാലായിരത്തോളം കെ.എസ്.ആര്‍.ടി.സി ബസും പിന്‍വലിക്കണം. ഇതിന് പുറമെ ലക്ഷത്തിലധികം മറ്റ് സ്വകാര്യ/പൊതുവാഹനങ്ങളെയും വിധി ബാധിക്കും.  ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി, വനം-പരിസ്ഥിതി മന്ത്രി എന്നിവര്‍ക്കും ഗതാഗതമന്ത്രി നിവേദനം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.