ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുമേല്‍ സി.ബി.ഐയെ അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാനാവില്ളെന്ന് സുപ്രീംകോടതി. മഥുര ഏറ്റുമുട്ടലിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഡല്‍ഹിയിലെ ബി.ജെ.പി നേതാവിന്‍െറ ആവശ്യം തള്ളിയാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, അമിതാവ് റായ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. അതിനിടെ മഥുര സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. റിട്ട. ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ഇംതിയാസ് മുര്‍തസയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ജൂണ്‍ രണ്ടിന് മഥുരയില്‍ പൊലീസും ആള്‍ദൈവമായ രാം വൃക്ഷ് യാദവിന്‍െറ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ ബി.ജെ.പി വക്താവ് അശ്വനികുമാര്‍ ഉപാധ്യായ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ സന്നദ്ധമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ളെന്നും അതിന് ഇടങ്കോലിടുകയാണെന്നും ഹരജിയില്‍ ബോധിപ്പിച്ചു.
എന്നാല്‍, ഒരു സംസ്ഥാനത്തെ ഏതെങ്കിലും ഒരു അന്വേഷണം സംസ്ഥാന പൊലീസില്‍നിന്ന് സി.ബി.ഐക്ക് മാറ്റുന്ന കാര്യത്തില്‍ പ്രാഥമികമായി തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്നും കേന്ദ്ര സര്‍ക്കാറിനല്ളെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. സാധാരണ ഒരു കാര്യംപോലെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ഈ അപേക്ഷയുമായി ഹരജിക്കാരന്‍ സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിട്ടുപോലുമില്ല. സംസ്ഥാനങ്ങള്‍ക്കുമേല്‍ സി.ബി.ഐയെ അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുകയില്ളെന്നും സുപ്രീംകോടതി തുടര്‍ന്നു. ഹരജിയുടെ സാധുതതന്നെ ചോദ്യംചെയ്ത സുപ്രീംകോടതി, അലഹബാദ് ഹൈകോടതി ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട ആവശ്യത്തിന് എങ്ങനെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാനാകുക എന്ന് അഭിഭാഷകന്‍കൂടിയായ ബി.ജെ.പി നേതാവിനോട് ചോദിച്ചു.
2014 മുതല്‍ ജവഹര്‍ ബാഗ് പാര്‍ക്ക് കൈയേറിയ രാം വൃക്ഷ് യാദവിനെയും കൂട്ടരെയും അലഹബാദ് ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിച്ചത്. സായുധരായ ഈ ആള്‍ദൈവസംഘം അവിടെ സമാന്തര ഭരണകൂടം നടത്തുകയായിരുന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അലഹബാദ് ഹൈകോടതി വിധി നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ളെന്ന് തെളിയിക്കുന്ന ഒന്നും ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ളെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. എന്നാല്‍, അലഹബാദ് ഹൈകോടതി ഇടപെട്ടത് പാര്‍ക്ക് കൈയേറിയ വിഷയത്തില്‍ മാത്രമാണെന്ന ഹരജിക്കാരന്‍െറ വാദവും സുപ്രീംകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.