സംഘ്പരിവാര്‍ മഹാപഞ്ചായത്ത് വിളിച്ചു; ദാദ്രി സംഘര്‍ഷ ഭീതിയില്‍

ന്യൂഡല്‍ഹി: ദാദ്രി സംഭവം വഴിതിരിച്ചുവിടാന്‍ പുറത്തുവിട്ട പുതിയ ലാബ് റിപ്പോര്‍ട്ട് സംഘ്പരിവാര്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള ആയുധമാക്കാന്‍ തീരുമാനിച്ചതോടെ ദാദ്രി സംഘര്‍ഷ ഭീതിയില്‍. അടിച്ചുകൊന്ന അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ ദാദ്രിയില്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ദാദ്രിയിലെ ബിശാദ ഗ്രാമത്തില്‍ മഹാപഞ്ചായത്ത് തടയാന്‍ ദാദ്രി ഉള്‍ക്കൊള്ളുന്ന ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികളുടെ ബന്ധുക്കളടക്കമുള്ളവര്‍ ചേര്‍ന്ന് ഗൗതം ബുദ്ധ് നഗര്‍ പൊലീസ് സൂപ്രണ്ടിനെ ഞായറാഴ്ച കണ്ടിരുന്നു. അഖ്ലാഖിന്‍െറ വീട്ടില്‍നിന്നു കണ്ടെടുത്തത് ഗോമാംസമാണെന്ന മഥുര ലാബിലെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മേധാവിയെ കണ്ടത്.

അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസെടുത്തില്ളെങ്കില്‍ മഹാപഞ്ചായത്ത് വിളിക്കുമെന്ന് പ്രതിയും ബി.ജെ.പി നേതാവുമായ സഞ്ജയ് റാണയുടെ പിതാവ് വിശാല്‍ റാണ മുന്നറിയിപ്പ് നല്‍കി. മഥുര ലാബിലെ റിപ്പോര്‍ട്ട് വന്നശേഷം തങ്ങള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതുകൊണ്ടാണ് മഹാപഞ്ചായത്ത് നടത്തുന്നതെന്ന് റാണ അറിയിച്ചു. അഖ്ലാഖിനെ കൊലപ്പെടുത്തിയ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികളെ വെറുതെ വിടണമെന്നും ഞായറാഴ്ച ദാദ്രിയിലത്തെിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് സുരേന്ദര്‍ ജെയിന്‍  ആവശ്യപ്പെട്ടു. അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസെടുക്കണമെന്നും കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരം തിരിച്ചുവാങ്ങണമെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് ബി.ജെ.പി നേതാവിന്‍െറ നേതൃത്വത്തില്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തത് പശുവിന്‍െറയോ പശുക്കിടാവിന്‍െറയോ മാംസമാണെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി ലാബ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, ലാബില്‍ പരിശോധിച്ച മാംസം അഖ്ലാഖിന്‍െറ വീട്ടില്‍നിന്നെടുത്തതല്ളെന്നും പരിശോധിച്ചത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നും ചുണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍െറ ആധികാരികത ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ഗോഹത്യ നടത്തിയെന്ന് പറഞ്ഞ് മുഹമ്മദ് അഖ്ലാഖിനെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ നേതൃത്വത്തില്‍ ഒരു സംഘം തല്ലിക്കൊന്നത്. മോദി സര്‍ക്കാറിന്‍െറ അസഹിഷ്ണുത അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതിന് സംഭവം കാരണമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.