ന്യൂഡല്‍ഹി: യു.ജി.സി ചട്ടങ്ങളുടെ ഭേദഗതി വിജ്ഞാപനം പിന്‍വലിക്കണമെന്ന് മാനവശേഷി വികസന മന്ത്രാലയത്തോട് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
യു.ജി.സിയുടെ ബജറ്റ് 55 ശതമാനമായി കുറച്ചുതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പൊതുനിക്ഷേപം കുറക്കാനുള്ള നീക്കമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണിതെന്നും ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഇതു തകര്‍ക്കുമെന്നും സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി എന്നിവരുടെ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ തൊഴില്‍ ഉയര്‍ച്ചാ സാധ്യതകളെ ഇല്ലാതാക്കുന്ന വിലയിരുത്തല്‍ സംവിധാനം അംഗീകരിക്കാനാകില്ല. ശാസ്ത്രവിഷയങ്ങളുടെ പാഠ്യപദ്ധതിയില്‍ പ്രാക്ടിക്കലുകളുടെ മൂല്യം കുറച്ചുകാണിക്കാനുള്ള നീക്കം ഏറെ പ്രശ്നങ്ങളുണ്ടാക്കും.
ആയിരക്കണക്കിന് അധ്യാപക പോസ്റ്റുകള്‍ നഷ്ടമാക്കുകയും ചെയ്യും. യു.ജി.സി അംഗീകൃത ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്ന നിബന്ധന അക്കാദമിക സ്വാതന്ത്ര്യത്തിന് തടസ്സമാണ്. നിലവിലെ വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന ലേഖനങ്ങള്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ തള്ളിക്കളയുന്നത് പതിവാകയാല്‍ പല പുതിയ ആശയങ്ങളും പുറത്തുവരുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതും ഇല്ലാതാക്കാന്‍ ഇതു കാരണമാകും.
ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉള്‍ക്കൊള്ളിച്ചത് പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ബജറ്റ് വകയിരുത്തണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.