സുഷമ, മമത, കെജ്രിവാള്‍ എന്നിവര്‍ വത്തിക്കാനിലേക്ക്

ന്യൂഡല്‍ഹി: വത്തിക്കാനില്‍ സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയ മത്സരം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, പ്രതിനിധിസംഘത്തില്‍ അംഗമാക്കിയാലും ഇല്ളെങ്കിലും വത്തിക്കാനില്‍ പോകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും തീരുമാനിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒൗദ്യോഗിക സംഘം വത്തിക്കാനില്‍ പോകുന്ന കാര്യം മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. രണ്ടു മുഖ്യമന്ത്രിമാര്‍ വത്തിക്കാനിലേക്ക് പോകാന്‍ തീരുമാനിച്ചതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്‍െറ സവിശേഷ പ്രാധാന്യം കണക്കിലെടുത്താണ് സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ പ്രതിനിധിസംഘം പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഈ സംഘത്തിലെ അംഗങ്ങളെ തീരുമാനിച്ചിട്ടില്ളെന്നും കൂട്ടിച്ചേര്‍ത്തു. 

വത്തിക്കാനില്‍ നടക്കുന്നത് മതപരമായ ചടങ്ങാണെങ്കിലും, മോദിസര്‍ക്കാര്‍ ഒൗദ്യോഗിക സംഘത്തെ അയക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ ന്യൂനപക്ഷാഭിമുഖ്യ പ്രതിച്ഛായ നേടുകയെന്ന ലക്ഷ്യമിട്ടാണ്. കൊല്‍ക്കത്ത മദര്‍ തെരേസയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നുവെന്ന പ്രാധാന്യവും രാഷ്ട്രീയവുമാണ് മമതയുടെ യാത്രക്ക് പിന്നില്‍. ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഭൂരിപക്ഷം നേടുമെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെജ്രിവാള്‍ നടത്തുന്ന വത്തിക്കാന്‍ യാത്രക്ക് സവിശേഷ പ്രാധാന്യം കൈവരുന്നത്. 

വിശുദ്ധയാക്കപ്പെടുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കെജ്രിവാള്‍ സ്വീകരിച്ചുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കൊപ്പം വത്തിക്കാനിലെ പരിപാടിയില്‍ സംബന്ധിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് അശുതോഷ് അറിയിച്ചു. കൊല്‍ക്കത്തയിലെ നിര്‍മല ഹൃദയ ആശ്രമത്തില്‍ മദര്‍ തെരേസക്കൊപ്പം ഏതാനും മാസം പ്രവര്‍ത്തിച്ചിരുന്നുവെന്ന് നേരത്തേ കെജ്രിവാള്‍ വെളിപ്പെടുത്തിയിരുന്നു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസും പ്രത്യേക സംഘത്തെ അയച്ചേക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി കര്‍ദിനാള്‍മാരും ബിഷപ്പുമാരും വത്തിക്കാനില്‍ പോകുന്നുണ്ട്. 19ാം ചരമ വാര്‍ഷികത്തിലാണ് വിശുദ്ധ പദവിയിലേക്ക് മദര്‍ തെരേസ ഉയര്‍ത്തപ്പെടുന്നത്. 1997 സെപ്റ്റംബര്‍ നാലിനായിരുന്നു മദര്‍ തെരേസയുടെ വിയോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.