ന്യൂഡല്‍ഹി: രാജ്യത്ത് പലിശരഹിത ബാങ്കിങ് സമ്പ്രദായത്തിന് തുടക്കമിടണമെന്ന് ശിപാര്‍ശ ചെയ്ത റിസര്‍വ് ബാങ്ക് അതിനായി ഒമ്പത് മാതൃകകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു. പലിശരഹിത അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവരുമായി ബാങ്കുകള്‍ ഉണ്ടാക്കുന്ന കരാറിന് ലോകവ്യാപകമായി അടിസ്ഥാനമാക്കുന്ന മാതൃകകളാണ് ഇവയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്‍െറ അടുത്ത അഞ്ചുവര്‍ഷത്തെ ഇടക്കാല സാമ്പത്തിക നടപടികള്‍ക്കായുള്ള ദീപക് മൊഹന്തി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണിവയുള്ളത്.
മുശാറക, മുദാറബ, മുറാബഹ, ഇജാറ, ഇസ്തിസ് ന, സുകൂക്, വക്കാല, വദീഅ, ഖര്‍ദ് ഹസന്‍ എന്നിവയാണ് പലിശരഹിത ബാങ്കിങ്ങിനായി പരിഗണനക്കുവെച്ച മാതൃകകള്‍. ബാങ്കും ഉപഭോക്താവും ചേര്‍ന്നുള്ള ഓഹരി പങ്കാളിത്വത്തിന്‍െറ രീതിയാണ് റിസര്‍വ് ബാങ്ക് ഒന്നാമതായി പറഞ്ഞ മുശാറക. ബാങ്കും ഉപഭോക്താവും ചേര്‍ന്ന് പണമായോ വസ്തുവഹകളായോ നിക്ഷേപിക്കുന്ന പങ്കാളിത്ത ഉടമ്പടിയാണിത്. അതിന്‍െറ ലാഭവും നഷ്ടവും ബാങ്കും നിക്ഷേപകനും തങ്ങള്‍ തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ പങ്കുവെക്കും.
ഒരു പങ്കാളി മൂലധനം നല്‍കുകയും മറ്റൊരു പങ്കാളി അധ്വാനവും വൈദഗ്ധ്യവും വിനിയോഗിക്കുകയും ചെയ്യുന്ന പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ധന ഇടപാടാണ് മുദാറബ. തനിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനുള്ള പണം കണ്ടത്തൊന്‍ ബാങ്കിനെ ഒരു ഇടപാടുകാരന്‍ സമീപിക്കുന്നതാണ് മുറാബഹ. ഇതുപ്രകാരം ബാങ്ക് മൊത്തം വിലകൊടുത്ത് വാങ്ങി ഇടപാടുകാരന് സാധനം കൈമാറും. അതിന്‍െറ വിലയേക്കാള്‍ കുറച്ച് തുക കൂടുതല്‍ കണക്കാക്കി തവണകളായി തിരിച്ചടക്കാന്‍ ബാങ്ക് സൗകര്യമൊരുക്കും. ഇടപാടുകാരന് ആവശ്യമുള്ള വസ്തുവോ ഉപകരണമോ ബാങ്ക് വാങ്ങി വാടകക്ക് നല്‍കുകയാണ് ഇജാറ. ആവശ്യമായ ഒരു ഉല്‍പന്നം നിശ്ചിത വിലയ്ക്ക് നിശ്ചിത കാലയളവില്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇസ്തിസ്ന. അതിന്‍െറ വില തവണകളായോ അല്ളെങ്കില്‍ ഒരു ഭാഗം അഡ്വാന്‍സായും ബാക്കി ഉല്‍പന്നം നല്‍കുന്ന സമയത്തും നല്‍കാം.
പ്രത്യക്ഷമായ വസ്തുക്കളുടെ പിന്‍ബലമുള്ള ശരീഅത്തിന് ഇണങ്ങുന്ന സെക്യൂരിറ്റികളുടെ ഇടപാടാണ് സുകൂക്. ശരീഅത്തിന് അനുയോജ്യമായ പദ്ധതികളില്‍ നിക്ഷേപിക്കാനായി ബാങ്കിന് പണം നല്‍കുകയാണ് വകാല. നിക്ഷേപിക്കാനുള്ള പദ്ധതികളും സ്വത്തുക്കളും നിര്‍ദേശിക്കുന്ന ഏജന്‍റിന്‍െറ റോളാണ് ഇതില്‍ ബാങ്കിനുള്ളത്. ധനം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ബാങ്കിനെ ഏല്‍പിക്കുകയാണ് വദീഅ. ശരീഅത്തിന് അനുയോജ്യമായ ഏതാവശ്യത്തിനും ബാങ്കിന് ആ ധനം വിനിയോഗിക്കാം. അതിന് പകരമായി തങ്ങളുടെ വിവേചനാധികാരത്തില്‍ ഒരു പ്രീമിയം നിക്ഷേപകന് ബാങ്ക് നല്‍കും. ഉദ്ദേശ്യശുദ്ധിയോടെ ബാങ്ക് വായ്പ നല്‍കുന്ന രീതിയാണ് ഖര്‍ദ് ഹസന്‍. ആ വായ്പക്ക് ബാങ്ക് ഒരു സര്‍വിസ് ചാര്‍ജ് ഈടാക്കുമെന്നും റിസര്‍വ് ബാങ്ക് സമിതിയുടെ റിപ്പോര്‍ട്ട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.