ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ബന്ദാരു

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അഞ്ച് ദലിത് വിദ്യാര്‍ഥികളുടെ പുറത്താക്കലിനും രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കും വഴിവെച്ചത് താന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് അയച്ച പരാതിയാണെന്ന ആരോപണം കേന്ദ്ര സഹമന്ത്രി ബന്ദാരു ദത്താത്രേയ നിഷേധിച്ചു. ചില വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനം മന്ത്രാലയത്തിന് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ കേന്ദ്രമന്ത്രി മാത്രമല്ല, സെക്കന്ദരാബാദിനെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗം കൂടിയാണ്. അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ജനപ്രതിനിധി എന്നനിലക്കാണ് നിവേദനം മന്ത്രാലയത്തിന് അയച്ചതെന്ന് ബന്ദാരു പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 10നാണ് നിവേദനം ലഭിച്ചത്. നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വലിയതോതില്‍ അസ്വസ്ഥനാക്കിയതിനാല്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് മാനവശേഷി വികസനമന്ത്രാലയത്തിന് അയക്കുകയായിരുന്നു.
ഇത്തരം പരാതി ഏത് വിദ്യാര്‍ഥിസംഘടന നല്‍കിയാലും താന്‍ ഇതുതന്നെയാണ് ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ബി.വി.പി നേതാവിനെതിരായ ആക്രമണത്തില്‍ നടപടിയെടുത്തില്ളെന്നും സര്‍വകലാശാല ദേശവിരുദ്ധരുടെ താവളമായെന്നും ആരോപിച്ച് ബന്ദാരു മാനവവിഭവശേഷി വികസനമന്ത്രാലയത്തിന് അയച്ച പരാതിയാണ് രോഹിതിന്‍െറയും സഹപാഠികളുടെയും സസ്പെന്‍ഷനിടയാക്കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പരാതി പരിശോധിക്കാനും നടപടിക്കും ആവശ്യപ്പെട്ട് അഞ്ചു കത്തുകളാണ് ഡല്‍ഹിയില്‍നിന്ന് സര്‍വകലാശാല ആസ്ഥാനത്തത്തെിയത്. എന്നാല്‍, വി.ഐ.പികളുടെ പരാതി ലഭിച്ചാല്‍ പുലര്‍ത്തുന്ന നടപടിക്രമം പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് മന്ത്രാലയം അധികൃതരുടെ വിശദീകരണം.
അതിനിടെ, രോഹിതിന്‍െറ ആത്മഹത്യക്കു പിറകിലെ കാരണം കണ്ടത്തെണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ജാതിയുടെയും മതത്തിന്‍െറയും മറ്റും പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വ്യത്യസ്തരായി കാണുന്നില്ല. ഉന്നതജാതിക്കാര്‍, പിന്നാക്കക്കാര്‍, ദലിത് എന്നിങ്ങനെ നമ്മുടെ കുട്ടികളെ വിഭജിക്കാന്‍ പാടില്ല. ഇത്തരം വിഭജനങ്ങള്‍ക്കുപരിയായി അവരെ കുട്ടികളായി തന്നെ കാണണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.