ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം

ശ്രീനഗര്‍: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ നിര്യാണത്തെ തുടർന്ന് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിയുക്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ വൈകുന്നതിനാലാണ് ഗവര്‍ണര്‍ എന്‍.എന്‍. വോറ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവാണ് ഇക്കാര്യമറിയിച്ചത്. 

സഈദിന്‍റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് മകളും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ അസ്ഥിരത ഒഴിവാക്കാൻ ഇടക്കാല സംവിധാനം ഏർപ്പെടുത്തിയത്. നാലാം ദിനത്തിലെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ചയാണ് നടക്കുക.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ഗവര്‍ണര്‍ എന്‍.എന്‍. വോറ, മെഹബൂബക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മക്കും വെള്ളിയാഴ്ച വൈകീട്ട് കത്തയച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മെഹബൂബയെ പിന്തുണക്കാൻ ബി.ജെ.പി നേരത്തെ തീരുമാനിച്ചിരുന്നു.

സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രിയാകും മെഹബൂബ മുഫ്തി.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.