സമൃദ്ധിയുടെ ഇന്ത്യയിലേക്ക് മടങ്ങിവരൂവെന്ന് പ്രവാസികളോട് സുഷമ

ന്യൂഡല്‍ഹി: മുമ്പ് ജീവിതം കെട്ടിപ്പടുക്കാനും സമ്പാദിക്കാനും ഇന്ത്യക്കാരന് വിദേശത്തേക്കുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണെന്നും സമ്പാദിക്കാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍തന്നെ ലഭ്യമാണെന്നും പ്രവാസിസമൂഹത്തോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
പഠനശേഷം ജോലിക്കും സമ്പാദനത്തിനും വിദേശത്ത് കഴിഞ്ഞശേഷം വിശ്രമജീവിതത്തിനെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങണം എന്ന സ്വപ്നമാണ് ഇന്ത്യക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. അവര്‍ക്ക് മടങ്ങിവരാനുള്ള സമയമായെന്നും പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍െറ പരിധി പ്രതിരോധം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍, റെയില്‍വേവികസനം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധിപ്പിച്ചത് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വംശജര്‍ക്കും വലിയ അവസരമാണ് തുറന്നുനല്‍കുന്നത്.  മേക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ ഇന്ത്യയില്‍തന്നെ തൊഴിലവസരങ്ങളും സമ്പാദ്യ സാഹചര്യവും ഉറപ്പാക്കുന്നതാണ്. ആരോഗ്യവിദ്യാലയ, സ്വച്ഛ് ഭാരത്, ഗംഗാശുചീകരണ പദ്ധതികളാവട്ടെ കളിച്ചുവളര്‍ന്ന നാടിനോടുള്ള കടപ്പാട് വീട്ടാനുള്ള അവസരവുമാണ്.
വിദേശത്തെ സാധാരണക്കാരായ ഇന്ത്യക്കാര്‍ രാജ്യത്തിന്‍െറ അനൗദ്യോഗിക അംബാസഡര്‍മാരാണ്. നല്ല അയല്‍ക്കാര്‍, കഠിനാധ്വാനികള്‍, നിയമം പാലിക്കുന്നവര്‍ എന്നീ സല്‍പേരാണ് വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാര്‍ നേടിയെടുത്തിട്ടുള്ളത്. യുക്രെയ്ന്‍, ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധികളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ  സുരക്ഷിതമായി തിരിച്ചത്തെിക്കാന്‍ സാധിച്ചു. പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന ഘട്ടത്തില്‍തന്നെ ആ രാജ്യം വിടണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നത് പലപ്പോഴും പ്രവാസികള്‍ ചെവിക്കൊള്ളാറില്ല. 2005 മുതല്‍ എല്ലാവര്‍ഷവും ജനുവരിയില്‍ മൂന്നുദിവസത്തെ പ്രവാസി ഭാരതീയമേള നടത്തുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവരുന്നുണ്ടെങ്കിലും  പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. അതു ബോധ്യമായതിനാല്‍ വിദേശത്തുനിന്ന് കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ആഘോഷം രണ്ടുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് തീരുമാനിച്ച് പുതിയരീതിയിലാണ്  പ്രവാസി ഭാരത് ദിവസ് ആഘോഷിക്കുന്നതെന്ന് സുഷമ വ്യക്തമാക്കി.
ദുബൈ, മൊറീഷ്യസ്, സിംഗപ്പൂര്‍, ലണ്ടന്‍, മലേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ദിനാചരണത്തിനായി ഒത്തുചേര്‍ന്ന പ്രതിനിധികള്‍ക്ക് മന്ത്രിയുമായി ആശയവിനിയമം നടത്താനും അവസരം ഒരുക്കിയിരുന്നു. ഇന്ത്യന്‍വംശജയായ ബ്രിട്ടീഷ് തൊഴില്‍മന്ത്രി പ്രീതി പട്ടേല്‍ മുഖ്യാതിഥിയായി. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങും സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.