മന്ത്രിജീ, ഇത് സീരിയലല്ല; ജീവിതമാണ്, ​സ്മൃതി ഇറാനിയോട് രോഹിതിന്‍െറ മാതാവ്

ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ രോഹിത് വെമുലയുടെ കുടുംബം. രോഹിത്തിൻെറ മരണത്തെ പറ്റി സ്മൃതി പാർലമെൻറിൽ കള്ളം പറഞ്ഞുവെന്നും തെറ്റായ പ്രസ്താവന നടത്തിയെന്നും രോഹിതിൻെറ അമ്മ രാധിക പറഞ്ഞു. ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രോഹിതിൻെറ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും തക്ക സമയത്ത് ഡോക്ടർ എത്തിയിരുന്നുവെങ്കിൽ രോഹിതിൻെറ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മന്ത്രി പാർലമെൻറിൽ പറഞ്ഞിരുന്നു.

ഇത് ടിവി സീരിയലല്ലെന്ന് രാധിക പറഞ്ഞു. യഥാർഥ ജീവിതമാണ്. കാര്യങ്ങൾ കെട്ടിച്ചമക്കരുത്. സത്യങ്ങൾ പുറത്തുകൊണ്ടുവരൂ. സ്മൃതി ഇറാനി കള്ളം പറഞ്ഞ് കാര്യങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. ഏഴ് മാസം രോഹിതിന് സ്റ്റൈപൻറ് ലഭിച്ചില്ല. എച്ച്.ആർ.ഡി മന്ത്രാലയത്തിൽ നിന്ന് അയച്ച കത്തിൽ വിദ്യാർഥികളെ രാജ്യദ്രോഹികളും തീവ്രവാദികളുമായി കാണിച്ചിരുന്നു. എങ്ങനെയാണ് എൻെറ മകൻ തീവ്രവാദിയും രാജ്യദ്രോഹിയും ആയതെന്ന് വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രോഹിത് വെമുലക്ക് സ്റ്റൈപൻറ് നൽകിയിരുന്നു എന്നാണ് സ്മൃതി ഇറാനി പാർലമെൻറിൽ പറഞ്ഞത്.  319029 രൂപ രോഹിതിന് നൽകിയിരുന്നു എന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

രോഹിത് വെമുലയുടെ മൃതദേഹം പരിശോധിക്കാൻ ജെ.എൻ.യുവിലെ വിദ്യാർഥികൾ അനുവദിച്ചില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞത് നിഷേധിച്ച് ഡോക്ടർ തന്നെ ഇന്നലെ രംഗത്തുവന്നിരുന്നു. താനും പൊലീസും ഫോൺ കാൾ ലഭിച്ച ഉടൻ ഹോസ്റ്റലിൽ എത്തിയിരുന്നു എന്ന് യൂനിവേഴ്സിറ്റിയിലെ ചീഫ് മെഡിക്കൽ ഓഫീസർ എം. രാജശ്രീയാണ് വെളിപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.