ലൈംഗിക പീഡനക്കേസ്: പച്ചൗരി അവധിയില്‍ പോകുന്നു


ന്യൂഡല്‍ഹി: ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (തേരി) എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. പച്ചൗരി അവധിയില്‍ പ്രവേശിക്കുന്നു. മാര്‍ച്ച് ഏഴിന് നടക്കാനിരിക്കുന്ന ബിരുദദാന സമ്മേളനത്തില്‍ പച്ചൗരിയില്‍നിന്ന് ബിരുദം സ്വീകരിക്കില്ളെന്നുകാണിച്ച് 20 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. രാജീവ് സേഥിന് കത്ത് നല്‍കിയിരുന്നു. ഇതാണ് അവധിയില്‍ പോകാന്‍ പച്ചൗരിയെ പ്രേരിപ്പിച്ചത്.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പച്ചൗരി പദവിയെ അപമാനിച്ചു. രാഷ്ട്രീയ സ്വാധീനവും മാധ്യമങ്ങളെയും ഉപയോഗിച്ച് നീതിന്യായ പ്രക്രിയ തടസ്സപ്പെടുത്തി. സാക്ഷികളെ ഭീഷണിപ്പെടുത്തിയും തേരി സഹപ്രവര്‍ത്തകരെ പാട്ടിലാക്കിയും കേസ് പിന്‍വലിക്കാന്‍ പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ചു. ഇങ്ങനെയുള്ള ഒരാളില്‍നിന്ന് ബിരുദം വാങ്ങാന്‍ തങ്ങളുടെ യുക്തിയും ധാര്‍മികബോധവും അനുവദിക്കുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ പറയുന്നു.
അതിനിടെ മറ്റൊരു മുന്‍ ജീവനക്കാരി പച്ചൗരിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നു. പച്ചൗരി തേരിയിലെ ഡയറക്റ്റര്‍ ജനറല്‍ ആയിരുന്ന 2003ലാണ് ഇവര്‍  തേരിയിലത്തെിയത്. പച്ചൗരിക്കെതിരെ ലൈംഗിക പീഡനക്കേസ് നല്‍കിയ മുന്‍ ജീവനക്കാരിയും അദ്ദേഹത്തെ തേരിയുടെ എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാനാക്കിയതിനെതിരെ രംഗത്തുവന്നിരുന്നു. തേരിയുടെ ഗവേണിങ് കൗണ്‍സിലിന് നല്‍കിയ കത്തില്‍, ജോലിസ്ഥലത്ത് ലൈംഗികാരോപണവിധേയനായ ഒരാളെ തേരിയുടെ ഉന്നതപദവിയില്‍ വീണ്ടും നിയമിച്ചതിനെ അവര്‍ അപലപിച്ചു. പച്ചൗരിക്കെതിരെ ലൈംഗികപീഡനക്കേസ് നല്‍കിയതിനെ തുടര്‍ന്ന് തേരിയില്‍ തരംതാഴ്ത്തപ്പെട്ടതായി അനുഭവപ്പെട്ട അവര്‍ പിന്നീട് രാജി വെക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.