ഡി.ഡി.സി.എ അഴിമതി അന്വേഷണം: കീര്‍ത്തി ആസാദിന്‍െറ ഹരജി തള്ളി


കേന്ദ്രമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ട് മാത്രം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സാധിക്കില്ളെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ കീര്‍ത്തി ആസാദും ബിഷാന്‍ സിങ് ബേദിയും നല്‍കിയ ഹരജി തള്ളി. 2015 ഒക്ടോബര്‍ 23 മുതല്‍ നടക്കുന്ന സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കണമെന്നും മറ്റ് അന്വേഷണങ്ങളുടെ ആവശ്യമില്ളെന്നും ജസ്റ്റിസ് മന്‍മഹന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ട് മാത്രം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സാധിക്കില്ളെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് ഇത്തരം അന്വേഷണം നടത്താറുള്ളതെന്നും കോടതി നിരീക്ഷിച്ചു.
2008 മുതല്‍ 2014 വരെയുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കാനിരിക്കെ മൂന്നുമാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് സാധിക്കില്ളെന്നും 18 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ പറഞ്ഞു.
അതേസമയം, ക്രിക്കറ്റ് ബോര്‍ഡിന്‍െറ ഓഡിറ്റ് റിപ്പോര്‍ട് പ്രകാരം സാമ്പത്തിക ക്രമക്കേട് കണ്ടത്തെിയതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി അറിയിച്ചു. ഡി.ഡി.സി.എയുടെ ആനൂകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ഹരജിയിലെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സജ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചു.
മുന്‍ ക്രിക്കറ്റ് താരങ്ങളായ ആസാദ്, ബിഷാന്‍ സിങ് ബേദി, മനീന്ദര്‍ സിങ്, ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് കോച്ചുമായ ഗുര്‍ചരണ്‍ സിങ് തുടങ്ങിയവര്‍ ഡി.ഡി.സി.എ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിനാണ് കോടതിയെ സമീപിച്ചത്. അഴിമതി ആരോപിക്കപ്പെട്ട അരുണ്‍ ജെയ്റ്റ്ലി കേന്ദ്രമന്ത്രിയായിരിക്കെ സി.ബി.ഐ അന്വേഷണം നിഷ്പക്ഷമായിരിക്കില്ളെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.