ഇന്ത്യൻ സൈനികർക്കിടയിൽ നിന്ന് ചാരൻമാരെ കണ്ടെത്താൻ ഐ.എസ്.ഐ ആവശ്യപ്പെട്ടു -ഹെഡ് ലി

മുംബൈ: ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ തീവ്രവാദ സംഘടനകള്‍ യുനൈറ്റഡ് ജിഹാദ് കൗണ്‍സിലിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണ നല്‍കുന്നത് പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്നും മുംബൈ ഭീകരാക്രമണ കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. ഈ സംഘടനകളെല്ലാം മുഖ്യമായും ഇന്ത്യയെയാണ് ലക്ഷ്യംവെക്കുന്നതെന്നും താന്‍ ലശ്കറെക്കൊപ്പം ഐ.എസ്.ഐക്കു വേണ്ടി പ്രവര്‍ത്തിച്ചതായും ചൊവ്വാഴ്ച പ്രത്യേക ജഡ്ജി ജി.എ. സനപിനു മുമ്പാകെ ഹെഡ്ലി പറഞ്ഞു. അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്ലി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി നല്‍കിയത്.
ഇന്ത്യന്‍ സൈന്യത്തില്‍ ചാരന്മാരാക്കാന്‍ പറ്റിയവരെ കണ്ടത്തൊന്‍ ഐ.എസ്.ഐയുടെ മേജര്‍ ഇഖ്ബാല്‍ തന്നോട് ആവശ്യപ്പെട്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. 2007ല്‍ ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞരുടെ സമ്മേളനം നടക്കവേ താജ് ഹോട്ടല്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായും ആയുധവും ആള്‍ബലവും സമയത്ത് ലഭ്യമാകാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഹെഡ്ലി പറഞ്ഞു.
2006 സെപ്റ്റംബറിലാണ് ആദ്യമായി മുംബൈ താജ് സന്ദര്‍ശിച്ചത്. അന്ന് ഡോ. തഹവ്വുര്‍ ഹുസൈന്‍ റാണയുടെ സുഹൃത്ത് ബഷീര്‍ ശൈഖ് വിമാനത്താവളത്തിലത്തെി തന്നെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. 14 ദിവസം തങ്ങി. 2007 നവംബറിനു മുമ്പെ ഹോട്ടല്‍ താജിന്‍െറ ഫോട്ടോയും വിഡിയോയും പകര്‍ത്തി. താജില്‍ ഭാര്യ ഫിസക്കൊപ്പം എത്തി താമസിച്ചപ്പോള്‍ ഹോട്ടലിന്‍െറ രണ്ടാം നില നിരീക്ഷിച്ചു. ഭീകരര്‍ വന്നിറങ്ങേണ്ട സ്ഥലം കണ്ടത്തെി. സാജിദ് മീറിന്‍െറ നിര്‍ദേശ പ്രകാരമായിരുന്നു ഇതെല്ലാം. കൊളാബയിലെ നാവികസേന കേന്ദ്രം, മഹാരാഷ്ട്ര പൊലീസ് ആസ്ഥാനം, ഒബ്റോയ് ഹോട്ടല്‍, സി.എസ്.ടി റെയില്‍വേ സ്റ്റേഷന്‍ എന്നിവയും സന്ദര്‍ശിച്ചു. ലിയോപോള്‍ഡ് കഫെ, കൊളാബ പൊലീസ് സ്റ്റേഷന്‍ എന്നിവയും പരിസരങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങളും വിഡിയോയില്‍ പകര്‍ത്തി.മടങ്ങിച്ചെന്ന് ചിത്രങ്ങളും വിഡിയോയും ജി.പി.എസും അവരെ ഏല്‍പിച്ചു. താജിന്‍െറ ചിത്രങ്ങളും വിഡിയോയും കണ്ട് മേജര്‍ ഇഖ്ബാലിന് തൃപ്തിയായി -ഹെഡ്ലി പറഞ്ഞു.
2007 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി പാക് നഗരമായ മുസഫറാബാദില്‍ നടന്ന ലശ്കര്‍ യോഗത്തിലാണ് മുംബൈ ആക്രമണത്തിന് അന്തിമ തീരുമാനമെടുത്തത്. തന്‍െറ ഭീകരവാദ ബന്ധത്തിനെതിരെ ഭാര്യ ഫിസ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയില്‍ പരാതി നല്‍കിയെന്നും ഹെഡ്ലി പറഞ്ഞു. ഐ.എസ്.ഐയുടെ ബ്രിഗേഡിയര്‍ റിയാസ്, കേണല്‍ ഷാ, ലഫ്. കേണല്‍ ഹംസ, മേജര്‍ സമര്‍ അലി എന്നിവരെയും അറിയാമെന്ന് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികമിന്‍െറ ചോദ്യത്തിന് മറുപടിയായി ഹെഡ്ലി പറഞ്ഞു. ലശ്കറെയുടെ ഓപറേഷനല്‍ കമാന്‍ഡറായ സകിയുര്‍റഹ്മാന്‍ ലഖ്വിയുടെ ആളാണ് ബ്രിഗേഡിയര്‍ റിയാസെന്നും വെളിപ്പെടുത്തി. കുറ്റസമ്മതം ബുധനാഴ്ചയും തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.