ഓഹരി ക്രമക്കേടില്‍ ഫേസ്ബുക് അക്കൗണ്ട് സെബി തെളിവാക്കി


ന്യൂഡല്‍ഹി: ഓഹരി വ്യാപാര ക്രമക്കേടില്‍ ഫേസ്ബുക്കിലെ ‘മ്യൂച്വല്‍ ഫ്രണ്ട്സ്’ പദവി ഇതാദ്യമായി ഓഹരി വിപണി നിയന്ത്രകരായ സെബി തെളിവായി സ്വീകരിച്ചു. ട്വിറ്റര്‍, ഫേസ്ബുക് അക്കൗണ്ടുകളും ക്രമക്കേടുകളില്‍ പരിശോധനക്കായി കുറെനാളുകളായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഫേസ്ബുക് അക്കൗണ്ട് തെളിവായി സ്വീകരിച്ച് നടപടി സ്വീകരിക്കുന്നത്. പാല്‍റെഡ് ടെക്നോളജീസുമായി ബന്ധപ്പെട്ടവര്‍ കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അറിഞ്ഞശേഷം ഓഹരിയിടപാടുകള്‍ (ഇന്‍സൈഡര്‍ ട്രേഡിങ്) നടത്തിയെന്ന് ഫേസ്ബുക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടത്തെിയ സെബി അനധികൃതമായി ഇവര്‍ നേടിയ 15 കോടി രൂപ കണ്ടുകെട്ടാനും നിര്‍ദേശിച്ചു. കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ലഭിച്ചശേഷം വ്യാപാരത്തിലൂടെ അനധികൃത നേട്ടമുണ്ടാക്കിയ പരസ്പരബന്ധമുള്ള പാല്‍റെഡ് സി.എം.ഡി. ശ്രീകാന്ത് റെഡ്ഡ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് നടപടി. 2012 സെപ്റ്റംബറിനും 2013 നവംബറിനുമിടയില്‍ സോഫ്റ്റ്വെയര്‍ ബിസിനസിലെ മാന്ദ്യവും ഇടക്കാല ലാഭവിഹിതവുമുള്‍പ്പെടെ പുറത്തുവിടാത്ത രഹസ്യവിവരങ്ങള്‍ മനസ്സിലാക്കിയശേഷം ഓഹരിയിടപാടിലൂടെ 1.66 കോടി അനധികൃതമായി നേടിയെന്നാണ് കണ്ടത്തെിയത്. ഈ കാലയളവില്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കിയിരുന്ന ഡെലോയിറ്റ് ടാക്സ് സര്‍വിസസിലെ അമീന്‍ ഖ്വാജയുമായി ഇവരില്‍ പലര്‍ക്കും ‘മ്യൂച്വല്‍ ഫ്രണ്ട്ഷിപ്’ ഉണ്ടായിരുന്നു. പലിശയുള്‍പ്പെടെ 2.22 കോടി  തിരിച്ചടക്കണം. ഇതിന് ഇവരുടെ ഫണ്ട് അപര്യാപ്തമാണെങ്കില്‍ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികള്‍ മരവിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.