മെഡിക്കൽ പ്രവേശത്തിന് ദേശീയ തലത്തിൽ പൊതുപരീക്ഷ

ന്യൂഡൽഹി: മെഡിക്കൽ പഠനത്തിന് ദേശീയതലത്തിൽ പൊതു പ്രവേശപരീക്ഷ നടത്താൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ)യുടെ തീരുമാനം. എം.സി.ഐയുടെ ശിപാർശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. ഇനി മുതൽ സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശത്തിനും ദേശീയതലത്തിലെ പൊതുപരീക്ഷയാകും മാനദണ്ഡമാകുക.

പ്രവേശന പരീക്ഷകളിൽ വ്യാപക ക്രമക്കേടുകളും ദുരുപയോഗവും നടക്കുന്നതായും അനർഹർ സീറ്റ് തരപ്പെടുത്തുന്ന സാഹചര്യത്തിലുമാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ നിർദേശം. നിർദേശം മന്ത്രിസഭാ കുറിപ്പായി ഉടൻ പുറത്തിറങ്ങും. അടുത്ത വർഷം മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.

ദേശീയ തലത്തിൽ പൊതു പ്രവേശ പരീക്ഷ നടത്താനുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ സുപ്രീംകോടതി നേരത്തെ ഇടപ്പെട്ടിരുന്നു. ഇതാണ് ആക്ടിൽ ഭേദഗതി വരുത്തി തീരുമാനം നടപ്പാക്കാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യ മന്ത്രാലയത്തെ നയിച്ചത്.

നിലവിൽ സംസ്ഥാന സർക്കാരുകൾ പ്രത്യേക പ്രവേശ പരീക്ഷ നടത്തിയാണ് മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശം നൽകുന്നത്. കൂടാതെ സ്വകാര്യ സർവകലാശാലകളും ഡീംഡ് യൂനിവേഴ്സിറ്റികളും സ്വകാര്യ മെഡിക്കൽ കോളജുകളും സ്വന്തം നിലക്ക് പ്രവേശ പരീക്ഷകൾ നടത്താറുണ്ട്. പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ പ്രത്യേകം നടത്തുന്ന പ്രവേശ പരീക്ഷകൾ ഇല്ലാതാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.