ദാരിദ്ര്യത്തിന്‍െറ കുരുന്നുകള്‍ക്കു മുന്നില്‍ ഇതാ നന്മയുടെ പ്രജാപതി

മെഹ്സാന (ഗുജറാത്ത്): കിംജിഭായി പ്രജാപതി തന്‍െറ ഊന്നുവടിയില്‍ ശരീരമൂന്നി മാഗ്പാറയിലെ അങ്കണവാടിയിലത്തെിയപ്പോള്‍ കാത്തിരുന്ന പാവപ്പെട്ട അമ്മമാരും കുരുന്നുപെണ്‍കുട്ടികളും കാര്യമായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഭിക്ഷാടനത്തില്‍നിന്ന് കിട്ടുന്ന തുകകൊണ്ട് 68കാരനായ പ്രജാപതി മൂന്നു വര്‍ഷമായി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പുസ്തകവും യൂനിഫോമും നല്‍കാറുണ്ട്. അത് ഏറ്റുവാങ്ങാനാണ് ചൊവ്വാഴ്ചയും അവരത്തെിയത്.

10 പെണ്‍കുട്ടികളുടെ അമ്മമാരാണ് അവിടെയുണ്ടായിരുന്നത്. അവര്‍ക്കുമുന്നില്‍ പ്രജാപതി 10 ചെറിയ ആഭരണപ്പെട്ടികള്‍ തുറന്നുവെച്ചു. വിസ്മയംകൊണ്ട് അമ്മമാരുടെയും കുട്ടികളുടെയും മുഖം വിടര്‍ന്നു; ഓരോ പെട്ടിയിലും ഓരോ ജോടി സ്വര്‍ണക്കമ്മലുകള്‍. മേഹ്സനയിലെ ക്ഷേത്രപരിസരത്തുനിന്ന് ഭിക്ഷ യാചിച്ച് കിട്ടിയ തുക കൂട്ടിവെച്ചാണ് കമ്മലുകള്‍ വാങ്ങിയത്.

‘ഭക്ഷണത്തിനുപോലും വകയില്ലാത്ത ഞങ്ങള്‍ക്ക് ഈ കമ്മലുകള്‍ സ്വപ്നത്തില്‍പോലും കാണാനാകാത്തതാണ്’ -ഭൂമി എന്ന മൂന്നുവയസ്സുകാരിയുടെ അമ്മ കുമുദ് ലുഹാരിയ പറഞ്ഞു. മെഹ്സാന നഗരത്തിലെ തീര്‍ത്തും ദരിദ്രരായവരെയാണ് പ്രജാപതി ഈ വിലപ്പെട്ട സമ്മാനം നല്‍കാന്‍ തെരഞ്ഞെടുത്തത്. പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണം നല്‍കിയതിനുപിറകില്‍ പ്രജാപതിക്ക് വലിയൊരു ലക്ഷ്യമുണ്ട്. അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക. ‘പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കണം, അതിനുവേണ്ടിയാണ് അവര്‍ക്ക് ഈ സമ്മാനം നല്‍കിയത്’ -അദ്ദേഹം പറഞ്ഞു. മെഹ്സാന പ്രദേശത്ത് ആണ്‍കുട്ടികളെ അപേക്ഷിച്ച് ചുരുക്കം പെണ്‍കുട്ടികള്‍ക്കേ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുള്ളൂ എന്നും അതുകൊണ്ടാണ് ഇവരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായ പെണ്‍കുട്ടികളുടെ ഫീസ് അടക്കുന്നതിനും പുസ്തകങ്ങളും യൂനിഫോമും വാങ്ങുന്നതിനും 13 വര്‍ഷത്തിനിടെ പ്രജാപതി 80,000 രൂപയോളം ചെലവഴിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍െറ പരിശ്രമത്തില്‍ ആകൃഷ്ടനായ പ്രദേശത്തെ ജ്വല്ലറി ഉടമ ദീപക് ഷാ 3000 രൂപ കുറച്ചാണ് സ്വര്‍ണക്കമ്മല്‍ നല്‍കിയത്. 13,000 രൂപയുടെ ആഭരണമാണ് പ്രജാപതി വാങ്ങിയത്. ഇതുവരെയുള്ള സമ്പാദ്യം ചെലവായതോടെ പ്രജാപതി വീണ്ടും ഭിക്ഷാടനത്തിനിറങ്ങിക്കഴിഞ്ഞു. മെഹ്സാനയില്‍ നിന്ന് സ്ഥലംമാറിപ്പോകുന്ന ഒരു സ്കൂള്‍ അധ്യാപിക പ്രജാപതിക്ക് 500 രൂപ നല്‍കി ശുഭാരംഭം കുറിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.