താന്‍സനിയന്‍ വിദ്യാര്‍ഥിനിയെ അര്‍ധ നഗ്നയാക്കി തെരുവിലൂടെ നടത്തി

ബംഗളൂരു: ആചാര്യ കോളജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും താന്‍സനിയന്‍ സ്വദേശിയുമായ 21കാരിയെ ജനക്കൂട്ടം മര്‍ദിച്ച് അര്‍ധനഗ്നയാക്കി തെരുവിലൂടെ നടത്തി. പൊലീസ് നോക്കിനില്‍ക്കെ ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഹെസരഘട്ടയിലാണ് സംഭവം. സുഡാനി വിദ്യാര്‍ഥി മുഹമ്മദ് അഹദിന്‍െറ കാറിടിച്ച് യുവതി മരിച്ചതില്‍ രോഷാകുലരായ നാട്ടുകാരാണ് വിദ്യാര്‍ഥിനിയെ കൈയേറ്റം ചെയ്തത്. അഹദിന്‍െറ സുഹൃത്താണെന്ന് ആരോപിച്ചാണ് യുവതിയെയും സംഘത്തെയും ആക്രമിച്ചത്.

ഗണപതിപുരയിലെ സോളദേവനഹള്ളിയില്‍ കാറിടിച്ച് ഹെസരഘട്ട സ്വദേശി ശബാന താജ് (35) മരിച്ചിരുന്നു. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് യുവതി ഉള്‍പ്പെടെയുള്ള സംഘം മാരുതി കാറില്‍ ഇവിടെ എത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം യുവതിയെ കാറില്‍നിന്ന് വലിച്ച് പുറത്തിറക്കുകയും വസ്ത്രം വലിച്ചുകീറിയ ശേഷം തെരുവിലൂടെ നടത്തുകയും ചെയ്തു. വഴിയിലുണ്ടായിരുന്ന യുവാവ് ബനിയന്‍ ഊരി വിദ്യാര്‍ഥിക്ക് നല്‍കിയെങ്കിലും ഇയാള്‍ക്കും മര്‍ദനമേറ്റു. സമീപത്തെ ബസില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ പുറത്തേക്ക് തള്ളിയിട്ടു.

കാറിലുണ്ടായിരുന്ന നാലു സഹയാത്രികരും ക്രൂര മര്‍ദനത്തിനിരയായി. അപകടത്തിനിടയാക്കിയ കാറും താന്‍സനിയന്‍ വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ അഗ്നിക്കിരയാക്കി. വിദ്യാര്‍ഥികളുടെ പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഈ സമയമത്രയും കാഴ്ചക്കാരായി പൊലീസുമുണ്ടായിരുന്നു. യുവതി സ്റ്റേഷനിലത്തെി പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറായില്ല.

അപകടത്തിന് കാരണക്കാരനായ സുഡാനിയന്‍ വിദ്യാര്‍ഥിയെ കൊണ്ടുവന്നാല്‍ കേസെടുക്കാമെന്നായിരുന്നു പൊലീസിന്‍െറ മറുപടി. പിന്നീട് മുഹമ്മദ് അഹദിനെ പൊലീസ് പിടികൂടി. ഇയാളെയും ജനക്കൂട്ടം മര്‍ദിച്ചു. യുവതിക്ക് ഇയാളുമായി ബന്ധമില്ളെന്ന് ബംഗളൂരുവിലെ ആഫ്രിക്കന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ബോസ്കോ കവീസി പറഞ്ഞു. ആഫ്രിക്കന്‍, താന്‍സനിയന്‍ എംബസികള്‍ വിഷയത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. സംഭവം വിവാദമായതോടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശബാന താജിന്‍െറ ഭര്‍ത്താവ് സനാഉല്ലക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.