അനുപം ഖേറിന് പാകിസ്താന്‍ വിസ അനുവദിച്ചു

ഇസ്ലാമാബാദ്: ചലച്ചിത്ര നടന്‍ അനുപം ഖേറിന്   പാകിസ്താന്‍ വിസ അനുവദിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അനുപം ഖേര്‍ അറിയിച്ചത്.
ഫെബ്രുവരി 5ന് നടക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ നേരത്തെ പാകിസ്താന്‍ വിസ നിഷേധിച്ചിരുന്നു.  ആകെ 18 പേര്‍ വിസക്ക് അപേക്ഷ നല്‍കിയതില്‍ അനുപം ഖേറിനു മാത്രമായിരുന്നു വിസ നിഷേധിച്ചത്. പരിപാടിയില്‍ പങ്കടെുക്കാന്‍ കഴിയാത്തതില്‍ കടുത്ത ദു:ഖവും നിരാശയുമുണ്ടെന്ന് അനുപം ഖേര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരിപാടിയിലെ അതിഥിയായി പങ്കെടുക്കുവാന്‍ സംഘാടകര്‍ ഇദ്ദേഹത്തെയും ക്ഷണിച്ചിരുന്നു.

അതേസമയം വിസക്ക് യാതൊരു അപേക്ഷയും അനുപം ഖേര്‍ നല്‍കിയിട്ടില്ലെന്നാണ് പാകിസ്താന്‍ ഹൈകമീഷണര്‍ ഇതേക്കുറിച്ച്  പ്രതികരിച്ചിരുന്നത്. അപേക്ഷ നല്‍കിയാല്‍ പത്തു മിനിറ്റിനകം വിസ അനുവദിക്കുമെന്നും എന്നാല്‍ മറ്റുള്ളവരെപ്പോലെ ഇദ്ദേഹവും അപേക്ഷ നല്‍കണമെന്നുമായിരുന്നു ഹൈക്കമ്മീഷണര്‍ പറഞ്ഞിരുന്നത്.

അതിനിടെ ഇന്ത്യ-പാക് ബന്ധങ്ങളില്‍ വൈകാരികമായി അഭിപ്രായപ്പെടുന്ന അനുപം ഖേര്‍ വിസക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് പാകിസ്താനിലെ ചില കേന്ദ്രങ്ങളും അറിയിച്ചിരുന്നു. ബി.ജെ.പി അനുഭാവികൂടിയായ ഇദ്ദേഹം പത്മഭൂഷണ്‍ പുരസ്കാര ജേതാവ് കൂടിയാണ്. കഴിഞ്ഞ ആഴ്ച അനുപം ഖേറും ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക് യുദ്ധമുണ്ടാവുകയും ഹിന്ദുവാണെന്ന് പരസ്യമായി പറയാന്‍  ഭയപ്പെടുന്നതായി അനുപം ഖേര്‍ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.