വിദേശ നിക്ഷേപകര്‍ക്ക് സ്ഥിരതാമസ പദവി

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ക്ക് സ്ഥിരതാമസ പദവി (പി.ആര്‍.എസ്) അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. വിസ നല്‍കുന്നതു സംബന്ധിച്ച മാന്വലില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തും. 10 വര്‍ഷത്തേക്കാണ് സ്ഥിരതാമസ പദവി അനുവദിക്കുക. പലവട്ടം ഇന്ത്യയില്‍ വന്നുപോകാന്‍ ഈ പദവിയുള്ളവര്‍ക്ക് സൗകര്യമുണ്ട്. രജിസ്ട്രേഷന്‍ ആവശ്യമില്ല. ഇന്ത്യയിലെ താമസത്തിന് പ്രത്യേക സമയപരിധിയും ഉണ്ടാവില്ല. ഓരോ 10 വര്‍ഷം കൂടുമ്പോഴും പുതുക്കാം. പദവി അനുവദിച്ചു കിട്ടി ഒന്നര വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 10 കോടിയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനു കഴിഞ്ഞില്ളെങ്കില്‍ മൂന്നു വര്‍ഷത്തിനകം 25 കോടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. ഓരോ സാമ്പത്തിക വര്‍ഷവും അതുവഴി ചുരുങ്ങിയത് 20 തദ്ദേശീയര്‍ക്ക് തൊഴില്‍ കിട്ടണം. താമസത്തിന് വീടോ ഫ്ളാറ്റോ വാങ്ങാന്‍ അനുവാദമുണ്ട്.

ഭാര്യ/ഭര്‍ത്താവിനും ആശ്രിതര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലിചെയ്യാം. തൊഴില്‍ വിസയിലെ ശമ്പളം സംബന്ധിച്ച വ്യവസ്ഥകളില്‍ ഇതിന് ഇളവ് അനുവദിക്കും. വിദ്യാഭ്യാസത്തിനും അവസരം നല്‍കും. ഇതോടൊപ്പം, മാന്ദ്യം നേരിടുന്ന നിര്‍മാണ മേഖലക്ക് ഉണര്‍വു പകരാനുള്ള ശ്രമത്തില്‍ പുതിയ ഇളവുകളും കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചു. നിതി ആയോഗ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണ് അംഗീകരിച്ചത്. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് സ്തംഭനത്തിലായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, സാമ്പത്തിക സഹായം കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നിവക്കായി പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നു. ടേണ്‍-കീ അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ മാതൃകാ കരടു രൂപം വിതരണം ചെയ്യും. നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അടിസ്ഥാനസൗകര്യ കമ്പനികള്‍ക്ക് അനുവദിച്ചതില്‍ മുക്കാല്‍പങ്ക് പണം മാര്‍ജിന്‍ രഹിത ബാങ്ക് ഗാരന്‍റിയുടെ അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കും. കമ്പനികളും തദ്ദേശ സ്ഥാപനങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പുതിയ ആര്‍ബിട്രേഷന്‍ നിയമത്തിനു കീഴില്‍ കൊണ്ടുവന്നു.

നിര്‍മാണ മേഖലയിലെ പ്രശ്നക്കുരുക്കിലായ ബാങ്ക് വായ്പകളുടെ കാര്യത്തില്‍ അനുയോജ്യമായ ഒറ്റത്തവണ പദ്ധതി രൂപപ്പെടുത്താന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ എട്ടു ശതമാനം നിര്‍മാണ മേഖലയില്‍നിന്നുള്ള വിഹിതമാണ്. പ്രതിരോധം, വ്യോമയാനം, റീട്ടെയില്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയ നടപടിക്ക് മുന്‍കാല പ്രാബല്യത്തോടെ മന്ത്രിസഭ അനുമതി നല്‍കി. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.