സിംഗൂരി​െല വിജയം കർഷകരുടേത് ​'ഇനി സമാധാനത്തോടെ മരിക്കാം' ​– മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ വിധിക്കായി താന്‍ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും ഇനി തനിക്ക് സമാധാനത്തോടെ മരിക്കാമെന്നും മമത പറഞ്ഞു. പത്ത് വര്‍ഷമായി ഇതിനാണ് താന്‍ കാത്തിരുന്നതെന്നും സുപ്രീംകോടതി വിധി കര്‍ഷകരുടെ വിജയമാണെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

2006ല്‍ ടാറ്റാ മോട്ടേഴ്‌സിന് വേണ്ടി ബുദ്ധദേവ് സര്‍ക്കാരാണ് 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത്. ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ നിര്‍മാണ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി. 2011ല്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ഈ ഭൂമി ടാറ്റയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയായിരുന്നു. ഇതിനായി പുതിയ നിയമം പാസാക്കുകയും ചെയ്തു. ഇതിനെതിരെ ടാറ്റാ മോട്ടോഴ്‌സ് കല്‍ക്കത്ത ഹൈകോടതിയെ സമീപിച്ചു.

ഭൂമി ഏറ്റെടുക്കല്‍ താല്‍ക്കാലികമായി ഹൈകോടതി മരവിപ്പിച്ചെങ്കിലും ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്ത് വില കൊടുത്തും പദ്ധതി കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു ഇടത് സര്‍ക്കാരെന്നും പക്ഷെ ഇതിന് വേണ്ടി സ്ഥലം തെരഞ്ഞെടുത്തത് സ്വകാര്യ കമ്പനിയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. അതിന് വേണ്ടി അധികാരം ഉപയോഗിക്കുന്നത് തട്ടിപ്പിന് സമാനമാണ്. ഇത് സംബന്ധിച്ച് കര്‍ഷകരുമായുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല. നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്നും കോടതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.