ഐ.എസിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ വേട്ടയാടുന്നതായി പവാര്‍

മുംബൈ: ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്നാരോപിച്ച് മുസ്ലിം യുവാക്കളെ വേട്ടയാടുന്നതിനെതിരെ എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ശരദ്പവാര്‍ രംഗത്ത്. ഐ.എസ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) തോന്നിയപോലെ മുസ്ലിം യുവാക്കളെ അറസ്റ്റ്ചെയ്യുകയാണെന്ന് മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പവാര്‍ ആരോപിച്ചു.
വിഷയം മറ്റ് മതേതര പാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് പ്രധാനമന്ത്രിയിലത്തെിക്കും. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചക്ക് പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാത്ത്വാഡയിലെ മുസ്ലിം യുവാക്കളെ ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തിന്‍െറ പേരില്‍ നിയമവിരുദ്ധമായാണ് എ.ടി.എസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ എടുത്തവരെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടം ലംഘിക്കപ്പെടുന്നു.
മണിക്കൂറുകളോളവും ദിവസങ്ങളോളവും യുവാക്കളെ കസ്റ്റഡിയില്‍ വെക്കുന്നതായാണ് പരാതി. തന്നെ കാണാനത്തെിയ 28ഓളം മുസ്ലിം സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്.
മുസ്ലിം സംഘടനകള്‍ ഐ.എസിനെ തള്ളിപ്പറയുകയും ഐ.എസിന്‍െറ വലയില്‍ വീഴരുതെന്ന് യുവാക്കളെയും മറ്റും ബോധവത്കരിച്ചിട്ടും എ.ടി.എസ് അവരെ സംശയത്തോടെയാണ് കാണുന്നത് -പവാര്‍ പറഞ്ഞു. നിയമവിരുദ്ധ വേട്ടയാടല്‍ എ.ടി.എസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ പവാര്‍ എന്നാല്‍, ബന്ധമുള്ളവരെ നിയമനടപടിക്ക് വിധേയമാക്കണമെന്നും വ്യക്തമാക്കി. ഇത്തരം കേസുകളില്‍ വിചാരണ അതിവേഗമാക്കണമെന്നും സ്ഫോടന കേസുകളില്‍ അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധികളാണെന്നുകണ്ട് കുറ്റമുക്തമാക്കപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പവാര്‍ ആവശ്യപ്പെട്ടു.  മഹാരാഷ്ട്രയില്‍ ഐ.എസ് ബന്ധമുള്ളവര്‍ പെരുകുകയാണെന്ന വാദത്തെ അദ്ദേഹം തള്ളി. അങ്ങനെ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തങ്ങളെ അറിയിക്കുമായിരുന്നുവെന്നാണ് പവാര്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.