ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളി; വെള്ളിയാഴ്ച ദേശീയ പണിമുടക്ക്

ന്യൂഡല്‍ഹി:  സെപ്റ്റംബര്‍ രണ്ടിന്  തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, യൂനിയനുകള്‍ മുന്നോട്ടുവെച്ചതില്‍ രണ്ട് ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കം എന്ന നിലക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍, പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെന്ന് വ്യക്തമാക്കിയ ട്രേഡ് യൂനിയനുകള്‍ കേന്ദ്രത്തിന്‍െറ ഒത്തുതീര്‍പ്പ് നീക്കത്തിന് വഴങ്ങിയില്ല.  വെള്ളിയാഴ്ചയിലെ അഖിലേന്ത്യാ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.എം.എസ് ഇതര യൂനിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്കില്‍ പങ്കെടുക്കില്ളെന്ന്  ബി.ജെ.പി അനുകൂല സംഘടനയായ ബി.എം.എസ് അറിയിച്ചു.  

തൊഴിലാളി യൂനിയനുകള്‍ മുന്നോട്ടുവെച്ചതില്‍  മിനിമം വേതനം, ബോണസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.കാര്‍ഷികേതര തൊഴില്‍ മേഖലയിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 246 രൂപയില്‍നിന്ന് 350 ആയി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള രണ്ടു വര്‍ഷത്തെ ബോണസ് വിതരണം ചെയ്യും. 33 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ എന്നിവര്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ച സാഹചര്യത്തില്‍ യൂനിയനുകള്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭ്യര്‍ഥിച്ചു. എന്നാല്‍, തങ്ങള്‍ മുന്നോട്ടുവെച്ച 12 ഇന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് അംഗീകരിക്കാന്‍ തയാറായിട്ടില്ളെന്ന് സി.ഐ.ടി.യു നേതാവ് തപസ് സെന്‍, എ.ഐ.ടി.യു.സി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ പറഞ്ഞു. 

12 പ്രധാന ആവശ്യങ്ങളാണ് തൊഴിലാളി യൂനിയനുകള്‍ സര്‍ക്കാറിന് മുന്നില്‍ വെച്ചത്.  ബോണസ്, മിനിമം കൂലി എന്നിവക്ക് പുറമെ, കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയം തിരുത്തുക, തൊഴിലാളിയുടെ അവകാശങ്ങള്‍ കവരുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ ഉപേക്ഷിക്കുക, ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഇന്‍ഷുറന്‍സ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയവയാണ് യൂനിയനുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. 

ബോണസ്, മിനിമം കൂലി എന്നീ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചുവെങ്കിലും മറ്റുള്ള കാര്യങ്ങളില്‍ യൂനിയനുകളുടെ ആവശ്യം പരിഗണിക്കാന്‍  കേന്ദ്രം തയാറായില്ല. അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചതിനു ശേഷവും ബി.എം.എസ് ഇതര തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ചനടത്താന്‍ കേന്ദ്രം തയാറായില്ല. ബി.എം.എസ് നേതൃത്വവും ധനമന്ത്രിയും തൊഴില്‍മന്ത്രിയും തമ്മില്‍ പലകുറി അനൗപചാരിക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ്  ബോണസ്, മിനിമം കൂലി വിഷയങ്ങളിലെ സര്‍ക്കാര്‍ തീരുമാനമുണ്ടായത്. സ്വന്തക്കാരായ ബി.എം.എസിനെ മാത്രം പരിഗണിക്കുന്ന മോദി സര്‍ക്കാറിന്‍െറ നയത്തില്‍ ഇതര യൂനിയന്‍ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. മന്ത്രി ജെയ്റ്റ്ലി മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം യൂനിയനുകള്‍ ഒറ്റയടിക്ക് തള്ളിയതും അതുകൊണ്ടുതന്നെ. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.