പാക് അധീന കശ്മീരില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2000 കോടിയുടെ കേന്ദ്ര പാക്കേജ്

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്നും ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുനിന്നുമുള്ള അഭയാര്‍ഥികള്‍ക്കായി 2000 കോടിയുടെ കേന്ദ്ര  പാക്കേജ് ഉടന്‍ പ്രഖ്യാപിച്ചേക്കും. പാക്കേജിന്‍െറ വിശദാംശങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. പാക് അധീന കശ്മീരില്‍നിന്നുള്ള 36,348 കുടുംബങ്ങള്‍ ജമ്മു-കശ്മീരിലുള്ളതായാണ് കണക്ക്. ഇത്തരത്തില്‍ പാക്കേജ് പ്രകാരം ഒരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിന്‍െറ അംഗീകാരം കിട്ടി ഫണ്ട് വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പാക് അധീന കശ്മീരില്‍നിന്നുള്ള അഭയാര്‍ഥികള്‍ പ്രധാനമായും ജമ്മു, കത്ത്വ, റജോരി ജില്ലകളിലാണ് താമസിക്കുന്നത്. 1947ലെ വിഭജന കാലത്തും 1965ലെയും 1971ലെയും ഇന്ത്യ-പാക് യുദ്ധ കാലത്തും ഇന്ത്യയിലത്തെിയവരാണിവര്‍. ജമ്മു-കശ്മീര്‍ ഭരണഘടന പ്രകാരം ഇവര്‍ സംസ്ഥാനത്തെ സ്ഥിര താമസക്കാരല്ല. ഇവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ല. എന്നാല്‍, പാക്കേജ് പുനരധിവാസത്തിന് അപര്യാപ്തമാണെന്നാണ് അഭയാര്‍ഥികളുടെ സംഘടനയായ ജമ്മു-കശ്മീര്‍ ശരണാര്‍ഥി ആക്ഷന്‍ കമ്മിറ്റി പറയുന്നത്. 9,200 കോടിയുടെ പാക്കേജാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 2015 ജനുവരിയില്‍ ഇവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പാക് അധീന കശ്മീര്‍, ഗില്‍ഗിത്-ബല്‍തിസ്താന്‍, ബലൂചിസ്താന്‍ തുടങ്ങി പാകിസ്താന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ നേരത്തേ മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.