മൂന്ന് ദശകങ്ങള്‍ക്കു ശേഷം സിഖ് വിരുദ്ധ കലാപത്തിന്‍െറ ഇരകള്‍ക്ക് നഷ്ടപരിഹാരം

ഇന്ദോര്‍: മൂന്ന് ദശകത്തിനു ശേഷം 1984ലെ സിഖ് വിരുദ്ധ കലാപത്തിന്‍െറ ഇരകളായ രണ്ടു പേര്‍ക്ക് പലിശസഹിതം നഷ്ടപരിഹാരം നല്‍കാന്‍ മധ്യപ്രദേശ് ഹൈകോടതിയിലെ ഇന്ദോര്‍ ബെഞ്ച് ഉത്തരവിട്ടു. ആഗസ്റ്റ് 17ന് ജസ്റ്റിസ് എസ്.സി. ശര്‍മയാണ് ഹരജിക്കാരായ സുര്‍ജീത് സിങ് (67), ശരണ്‍ സിങ് (68) എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ സുര്‍ജീത് സിങ്ങിന്‍െറ തടിമില്ല് അഗ്നിക്കിരയാക്കപ്പെട്ടു. ശരണ്‍ സിങ്ങിന്‍െറ മദ്യഷാപ്പ് കൊള്ളയടിക്കപ്പെട്ടെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ അഡ്വ. ഹിമാന്‍ഷു ജോഷി പറഞ്ഞു. നേരത്തേ ഇരകളുടെ ഒൗദ്യോഗിക പട്ടികയില്‍ സുര്‍ജീത് സിങ്ങിന്‍െറയും ശരണ്‍ സിങ്ങിന്‍െറയും പേര് ഇല്ലാത്തതിനാല്‍ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നിഷേധിച്ചിരുന്നു.

ഇവര്‍ സിഖ് വിരുദ്ധ കലാപത്തിന്‍െറ ഇരകളാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വസ്തുവിന്‍െറ നഷ്ടപരിഹാരവും 8.5 ശതമാനം നിരക്കില്‍ 1984 മുതലുള്ള വാര്‍ഷിക പലിശയും നല്‍കാന്‍ കലക്ടര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറിനോട് രണ്ടുപേര്‍ക്കുമായി 50,000 രൂപ നല്‍കാനും 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈകോടതി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.