ജെ.എന്‍.യു വിദ്യാര്‍ഥികളുടെ ജാമ്യം: കോടതി പൊലീസിന്‍െറ അഭിപ്രായം തേടി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ അടക്കം മൂന്നു വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കേസില്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ ഡല്‍ഹി കോടതി പൊലീസിന്‍െറ അഭിപ്രായം തേടി. കേസില്‍ വിശദീകരണം നല്‍കുന്നതിന് ഡല്‍ഹി പെലീസ് സ്പെഷല്‍ സെല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കയാണ്.
കനയ്യ കുമാറിനെ കൂടാതെ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഫെബ്രുവരിയില്‍ കാമ്പസില്‍ നടന്ന പരിപാടിക്കിടെ ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചാണ് കേസ്. മൂവരും ആറുമാസത്തെ ഇടക്കാല ജാമ്യത്തിലാണ്.

ഇത് സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെയാണ് സ്ഥിര ജാമ്യം ലഭിക്കുന്നതിനുള്ള ഹരജി നല്‍കിയത്. ഇത് പരിഗണിച്ചാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് റീതേഷ് സിങ് പൊലീസിനോട് അഭിപ്രായമാരാഞ്ഞത്. നേരത്തെ സ്ഥിരം ജാമ്യമാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയങ്കിലും കീഴ്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫെബ്രുവരി 12നാണ് ദേശദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന ആരോപണത്തില്‍ കനയ്യയെ പൊലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് ശേഷം ഉമറിനെയും അനിര്‍ബനെയും പിടികൂടി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.