ഫോട്ടോയില്‍ കൃത്രിമം: തൃണമൂലിനെതിരെ സി.പി.എമ്മും ബി.ജെ.പിയും

ന്യൂഡല്‍ഹി: ഫോട്ടോയില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സി.പി.എം, ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന് ലഡു നല്‍കുന്ന ചിത്രത്തിനെതിരെയാണ് ഇരുപാര്‍ട്ടികളും രംഗത്തത്തെിയത്.
ചിത്രം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ദെരേക് ഒബ്രയിനെതിരെ പ്രകാശ് കാരാട്ട് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസില്‍ പരാതി നല്‍കി. വാര്‍ത്താസമ്മേളനത്തിലും തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ വെബ് സൈറ്റിലും ഒബ്രയിന്‍ ഈ ചിത്രമുപയോഗിച്ചെന്നും ഇത് തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.  ഒബ്രയിനെ അറസ്റ്റ് ചെയ്യണമെന്ന് ബംഗാളിലെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ആവശ്യപ്പെട്ടു.
അതേസമയം, ഒബ്രയിനു പുറമേ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, സുബ്രത ബക്ഷി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ബി.ജെ.പിയുടെ പരാതി. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മമതയുടെ നിര്‍ദേശപ്രകാരമാണ് ഒബ്രയിന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. രാഷ്ട്രീയത്തില്‍ പലതും കണ്ടിട്ടുണ്ടെന്നും എന്നാല്‍, അതിനെയെല്ലാം മറികടന്ന അധ$പതിച്ച പ്രവൃത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് ജോയ് പ്രകാശ് മജുംദാര്‍ ആരോപിച്ചു.
ശനിയാഴ്ചയാണ് ഒബ്രയിന്‍ രണ്ട് വിഡിയോയും ആറു ചിത്രങ്ങളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പിന്നീട് നീക്കി. തനിക്ക് തെറ്റുപറ്റിയതാണെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്നും ഒബ്രയിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഡു നല്‍കുന്ന യഥാര്‍ഥ ചിത്രം പിന്നീട് ബി.ജെ.പി പുറത്തുവിട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.