ഹനുമാന്‍ ജയന്തി: വാരാണസിയിലേക്ക് ഗുലാം അലിക്കും പാക് ഹൈകമിഷണര്‍ക്കും ക്ഷണം

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചു നടക്കുന്ന സംഗീത കച്ചേരിയില്‍ പങ്കെടുക്കാന്‍ പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിക്കും പാക് ഹൈകമിഷണര്‍ അബ്ദുല്‍ ബസിതിനും ഇന്ത്യയുടെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് മണ്ഡലമായ വാരാണസിയിലെ സംഗത് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ വാര്‍ഷിക സംഗീതകച്ചേരിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഗുലാം അലി പങ്കെടുക്കുന്നത്. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ഈ മാസം 26ന് ആരംഭിക്കും.

പ്രശസ്തരായ 57ഓളം ഗായകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ശാസ്ത്രീയ സംഗീതജ്ഞന്‍ പണ്ഡിറ്റ് വിശ്വനാഥ്, നരേന്ദ്രമോദി, നടന്‍ അമിതാഭ് ബച്ചന്‍ തുടങ്ങിയവരും പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷികാഘോഷത്തിലും ഗുലാം അലി പങ്കെടുത്തിരുന്നു. രണ്ടു ദിവസം മുന്‍പ് ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെയാണ് ഗുലാം അലിയെ ക്ഷണിച്ചതെന്നും ആദ്യ ദിനത്തില്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ക്ഷേത്ര ഭാരവാഹി വിശ്വംബര്‍ മിശ്ര പറഞ്ഞു.

അതേസമയം, ഗുലാം അലി പരിപാടിയില്‍ പങ്കെടുക്കുന്നത് തടയുമെന്ന് ബി.ജെ.പി പോഷക സംഘടന ഹിന്ദു യുവ വാഹിനിയുടെ (എച്ച്.വൈ.വി) ഗോരക്പുര്‍ എം.പി ആദിത്യനാഥ് പറഞ്ഞു. തീവ്രാദികളെ വിട്ട് ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് പാകിസ്താന്‍. തീവ്രവാദികള്‍ ഹനുമാന്‍ ക്ഷേത്രവും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിരപരാധികളായ ആളുകളെ കൊല്ലുകയാണ് ഇവര്‍. അതിനാല്‍ പാകിസ്താന്‍കാരായ ഹൈകമിഷണറെയും ഗുലാം അലിയെയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ളെന്ന് സംഘടന പ്രസിഡന്‍റ് സുനില്‍ സിങും വ്യക്തമാക്കി.
 
സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഗുലാം അലി അലിയെ ക്ഷണിച്ചത്. ആരും അദ്ദേഹത്തിന്‍െറ സന്ദര്‍ശനത്തെ തടയില്ളെന്നും ഇതുമായി ബന്ധപ്പെട്ട് എച്ച്.വൈ.വി പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചാല്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുമെന്നും മിശ്ര പറഞ്ഞു. കൂടാതെ സുരക്ഷാ കാര്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.